വൈകുന്നേരം ആറേമുക്കാല്‍ മുതല്‍ രാത്രി പന്ത്രണ്ടേ മുക്കാല്‍ വരെ. കെഎസ്ഇബി ഭാഷയില്‍ പീക്ക് അവര്‍. എപ്പോള്‍ കറന്റ് പോകും എപ്പോള്‍ കറന്റ് വരും എന്ന് ഒരു നിശ്ചയവുമില്ല. ഇതാണ് കേരളത്തിലെ അവസ്ഥ. ഒരുതവണ പോയിവന്നാലും ആശ്വസിക്കാനാവില്ല. പിന്നേയും പോവും മുന്നറിയിപ്പില്ലാതെ. വലിയ ദുരിതമാണ് ജനം അനുഭവിക്കുന്നത്. ഇത് പെട്ടെന്നുണ്ടായ വൈദ്യുതി ക്ഷാമമാണോ? അതോ മുന്‍കൂട്ടി കാണാന്‍ കഴിയുമായിരുന്ന പ്രതിസന്ധിയോടുള്ള ആസൂത്രണപാളിച്ചയോ? പ്രതിപക്ഷം നിലവിലെ സര്‍ക്കാരിനെയും, മന്ത്രിമാര്‍ മുന്‍ സര്‍ക്കാരിനെയും പഴി പറയുകയാണ്. റദ്ദാക്കപ്പെട്ട പഴയ വൈദ്യുതി കരാര്‍ മുതല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനം വരെ ആരോപണപ്രത്യാരോപണങ്ങളില്‍ നിറയുന്നുണ്ട്. പക്ഷേ, ഈ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ ഇരുട്ടിലാകുന്നത് ജനങ്ങളാണ്. അതുകൊണ്ട് ഈ പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദികള്‍ എന്നത് മാത്രമല്ല, ജനങ്ങളെ ഇനിയും എത്രനാള്‍ ഇരുട്ടിലാക്കും എന്നത് കൂടിയാണ് ചോദ്യം. വൈദ്യുതി ക്ഷാമമാണോ? ആസൂത്രണ ക്ഷാമമാണോ നമ്മളീ അനുഭവിക്കുന്നത്?