വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് സംശയിക്കുന്നതായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സ്വകാര്യമേഖലയെ രക്ഷകരായി ഇറക്കാനാണ് നീക്കം. ഇൗ ഗതികേടിനുകാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കുറ്റം ചാര്‍ത്തുകയാണെന്നും പിണറായി വിജയന്‍ ഫെയ്സ്ബുക് കുറിപ്പില്‍ ആരോപിച്ചു. 465 മെഗാവാട്ടിന്റെ ദീർഘകാല പവർ പർച്ചേസ് കരാർ റദ്ദാകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. 

2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു. ഇതിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. യുഡിഎഫ് കാലത്ത് കൃത്യമായ മാനദണ്ഡം പാലിച്ച് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി പോലും ഉണ്ടാകുമായിരുന്നില്ല എന്നും പിണറായി എഴുതി. 

'2023 ല്‍ റെഗുലേറ്ററി കമ്മീഷൻ അന്തിമമായി അനുമതി നിഷേധിച്ച ശേഷം മൂന്ന് വർഷം കടന്നുപോയി. ഇതിനിടയിൽ ഇന്നത്തേക്കാൾ രൂക്ഷമായ എൽനിനോയും കടുത്ത മഴക്കുറവും സംസ്ഥാനം നേരിട്ടിരുന്നു. എന്നിട്ടും അന്നത്തെ എൽഡിഎഫ് സർക്കാർ പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സംസാരിച്ചും സ്വാപ്പിംഗ് കരാറുകൾ ഉണ്ടാക്കിയുമാണ് പ്രതിസന്ധി മറികടന്നത്', പിണറായി വിശദീകരിച്ചു. 

കഴിഞ്ഞ ഏപ്രിലിൽ പ്രതിദിന ഉപഭോഗം 115-116 MU യും പീക്ക് ഡിമാൻഡ് 6100 MW യും എത്തിയപ്പോൾ പോലും എൽഡിഎഫ് ഭരണത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ ഡിമാൻഡ് വെറും 4800-4900 MW (85-86 MU) ആയി കുറഞ്ഞിട്ടും യുഡിഎഫ് സർക്കാരിന് ആവശ്യത്തിനുള്ള വൈദ്യുതിപോലും ഉറപ്പുവരുത്താൻ കഴിയാത്തനിലയാണ്. ഡിമാൻഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ കഴിവുകേടാണെന്നും പിണറായി പറഞ്ഞു. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 60 ശതമാനവും അദാനി, അംബാനി, ടാറ്റ തുടങ്ങിയ സ്വകാര്യ കുത്തകകളുടെ കൈകളിലാണ്. അവർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്നതുകൂടിയാണ് ഇത്തരം വൈദ്യുതി പ്രതിസന്ധികൾ എന്നു കൂടി കാണേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. 

ENGLISH SUMMARY:

Leader of the Opposition Pinarayi Vijayan alleged in a Facebook post that the current power shortage in the state is artificially created to pave the way for private sector intervention. He stated that the regulatory commission cancelled the 465 MW long-term power purchase agreement due to legal flaws in the deal signed during the UDF tenure in 2015 without prior approvals. Despite facing severe El Niño conditions and reduced rainfall in 2023, the previous LDF administration successfully avoided power cuts through strategic swapping agreements and purchasing necessary power. Criticizing the current administration, Vijayan pointed out that power cuts are occurring despite a lower peak demand of 4,800–4,900 MW compared to the 6,100 MW handled seamlessly during his tenure.