വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായ ഇടപെടലില്ലെന്ന വിമർശനം ഉയരുമ്പോഴും പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെന്ന് കുറ്റപ്പെടുത്തി മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ മന്ത്രി സണ്ണി ജോസഫ്. കൃത്രിമക്ഷാമമെന്ന ആരോപണത്തിന് മറുപടിയില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അദ്ഭുതം സാധ്യമല്ല. മനുഷ്യസാധ്യമായത് ചെയ്യും. മുള്‍ക്കിരീടത്തെ പുഷ്പകിരീടമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.
അതേസമയം, വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി സിഎംഡി എന്നിവര്‍ പങ്കെടുത്തു. പ്രശ്നപരിഹാരത്തിന് ഉടന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുറമെ നിന്ന് ഉടന്‍ എത്ര വൈദ്യുതി വാങ്ങാനാവും, എത്ര ചെലവു വരും, റഗുലേറ്ററി കമ്മിഷനെ എത്രവേഗം സമീപിക്കാനാവും എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പ്രശ്നപരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരും ആഴ്ചകളില്‍ ഇതുപോലെ ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് സംശയിക്കുന്നതായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വകാര്യമേഖലയെ രക്ഷകരായി ഇറക്കാനാണ് നീക്കം. ഇൗ ഗതികേടിനുകാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കുറ്റം ചാര്‍ത്തുകയാണെന്നും പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
രാത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം പൂർണമായും തുടരേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും ഒടുവില്‍ വൈദ്യുതി മുടക്കം ഉപഭോക്താക്കളെ അറിയിക്കാനുള്ള മൊബൈൽ സന്ദേശം നൽകിത്തുടങ്ങിയെന്ന് ചെയർമാൻ എം.ജി രാജമാണിക്യം പറഞ്ഞു. ഒരാഴ്ചക്കാലം ഏത് മട്ടിലാണ്, എത്ര സമയമാണ് നിയന്ത്രണമെന്ന കാര്യം ഫോണിലൂടെ ഉപഭോക്‌താവിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 25 മിനിറ്റ് വീതം രണ്ട് തവണയാണ് നിലവിലെ വൈദ്യുതി നിയന്ത്രണം. ചിലയിടങ്ങളിൽ വൈദ്യുതി ലഭ്യതയനുസരിച്ച് നേരിയ വ്യത്യാസമുണ്ടാകും. കൂടുതൽ തവണ ഒരിടത്തും വൈദ്യുതി തടസമുണ്ടാവരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചു.