സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരോട് അഭ്യർഥനയുമായി ചെയർമാൻ എം.ജി.രാജമാണിക്യം. വീട്ടിലും ഓഫീസിലും വൈദ്യതി ഉപയോഗം നിയന്ത്രിച്ച് ഊർജ്ജ സംരക്ഷണത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ കെ.എസ്.ഇ.ബി മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ബോർഡിലെ മുഴുവൻ ജീവനക്കാർക്കും ജീവനക്കാരുടെ കൂട്ടായ്മകൾക്കും അദ്ദേഹം ഔദ്യോഗിക കുറിപ്പ് അയച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി ഓഫിസുകളിൽ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം. രാത്രിയിൽ എ.സി പൂർണമായും ഒഴിവാക്കണമെന്നുമാണ് അഭ്യര്‍ഥന. ജീവനക്കാരുടെ വീടുകളിലും വൈകുന്നേരം 6 മുതൽ 12 വരെ എ.സി നിയന്ത്രിക്കണമെന്ന് രാജമാണിക്യം. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് രാവിലെയാക്കണം. കെ.എസ്.ഇ.ബി ജീവനക്കാർ ഓരോത്തരും ഇത് ചെയ്യുമ്പോൾ അത് വലിയ മാറ്റമുണ്ടാക്കും. ഇത് പൊതുജനത്തിന് മാതൃക തീർക്കുന്നതിനാണെന്നും എം.ജി രാജമാണിക്യം അറിയിച്ചു.
കൂടിയ വില നൽകാൻ തയ്യാറായാലും വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ഡോ. എം.ജി. രാജമാണിക്യം വ്യക്തമാക്കി. അതിനാൽ ഓരോ യൂണിറ്റ് വൈദ്യുതിയും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ നിയന്ത്രണം ഒരു ഉത്തരവായി കാണാതെ സ്വയം നിയന്ത്രണമായി ഏറ്റെടുത്ത് കെഎസ്ഇബി ആദ്യം അത് ചെയ്ത് കാണിക്കണമെന്നും ഊർജ്ജ സംരക്ഷണം നമ്മിൽ നിന്ന് തുടങ്ങാമെന്നും ജീവനക്കാര്‍ക്കുള്ള കത്തിലുണ്ട്.
ആയിരക്കണക്കിന് വരുന്ന കെഎസ്ഇബി ജീവനക്കാർ ഒരുമിച്ച് ഈ മാതൃക നടപ്പിലാക്കുമ്പോൾ അത് കേരളത്തിന് വലിയൊരു സന്ദേശമായി മാറുമെന്നും, വാചകങ്ങളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് മാതൃക കാട്ടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.