മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ആദ്യ നടപടി കണ്ണില്‍പൊടിയിടാനുള്ള ശ്രമമെന്ന് ആക്ഷേപം. പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിന് പകരം താല്‍ക്കാലിക പരിഹാരം കാണാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് മലബാര്‍ എജ്യൂക്കേഷന്‍ മൂവ്മെന്‍റ് കുറ്റപ്പെടുത്തി. അശാസ്ത്രീയ പരിഹാര നടപടികള്‍ വിദ്യാര്‍ഥികളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
മലബാര്‍ ജില്ലകളില്‍ മാത്രം അമ്പതിനായിരത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്ന് കണ്ടതോടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. ഇതനുസരിച്ച് 313 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനാണ് നല്‍കിയ നിര്‍ദേശം. ഒപ്പം 30 ശതമാനം അധിക സീറ്റും അനുവദിച്ചു. എന്നാല്‍, ഈ തീരുമാനം പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്നതല്ലെന്നാണ് പ്രധാന വാദം. താല്‍ക്കാലിക ബാച്ചുകള്‍ സ്ഥിരപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം അവ താല്‍ക്കാലികമായി തുടരട്ടെ എന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.
30 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ചത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അധ്യാപകരുടെ വാദം. ഓരോ ക്ലാസിലും നിലവില്‍ അറുപതിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. 30 ശതമാനം വര്‍ധനവ് ഉണ്ടാകുന്നതോടെ ക്ലാസിലെ കുട്ടികളുടെ എണ്ണം ഏതാണ്ട് 70ലേക്കെത്തും. ഇത് പഠന നിലവാരത്തെ ദേഷകരമായി ബാധിക്കും.
കഴിഞ്ഞ വര്‍ഷം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഏഴായിരത്തോളം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. സമാനമായ സ്ഥിതിയാണ് ഇക്കൊല്ലവും. അതിനാല്‍ തന്നെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ മറ്റു ജില്ലകള്‍ക്ക് നല്‍കിയാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാം. എന്നാല്‍, അത്തരമൊരു മാര്‍ഗം മുന്നിലുണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും അധ്യാപകരും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.