രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരള പൊലീസ്. കുറ്റാന്വേഷണത്തിലും പ്രഫഷണല്‍ സമീപനത്തിലുമൊക്കെ നമ്മുടെ കാക്കി സേന മിടുമിടുക്കരെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. എങ്കിലും ഇടക്കിടെ കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ പുറത്തുവരുന്നത് പലതവണ കേരളം കണ്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകം മുതല്‍ കസ്റ്റഡി മര്‍ദനവും അന്വേഷണ അട്ടിമറികളുമെല്ലാം ഒട്ടേറെ തവണ വാര്‍ത്തയുമായി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ പൊലീസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.
എന്നാല്‍ ഭരണവും പൊലീസും യുഡിഎഫിന്‍റേതായതോടെ പൊലീസിനെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം പൂര്‍ണമായി മാറി. കേരള പൊലീസ് മിസ്റ്റര്‍ ക്ളീനെന്നാണ് അദ്ദേഹം നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി നല്‍കിയത്. ക്രിമിനല്‍ സ്വഭാവമുള്ളവരുടെയെണ്ണം പൊലീസില്‍ വര്‍ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നായിരുന്നു ഒരു ചോദ്യം. അങ്ങിനെ ഒരു പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി.
പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ–ലഹരി മാഫിയകളും തമ്മില്‍ ബന്ധമുണ്ടോ? അത്തരം ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് മറ്റൊരു ചോദ്യമുണ്ട്. അത്തരത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ മറുപടി. അതായത് ക്രിമില്‍ സ്വഭാവമോ ഗുണ്ടാ മാഫിയ ബന്ധമോ ഉള്ള പൊലീസുകാര്‍ കേരള പൊലീസില്‍ ഇല്ലെന്ന് ചുരുക്കം.
പൊലീസ് സ്റ്റേഷനിലെ മോശം പ്രവണതകള്‍ തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതും പൊലീസുകാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതും ഉള്‍പ്പടെ കേരള പൊലീസിന്‍റെ സല്‍പ്പേര് നിലനിര്‍ത്താന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതായും ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.