chennithala-toofan

ലഹരിക്കെതിരെ കര്‍മസേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിന്‍റെ ദുഷ്പേര് പൊളിച്ചെഴുതണമെന്നും അതിഥിത്തൊഴിലാളികളെ ലഹരി ഇടപാടുകള്‍ക്ക് മറയാക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരില്‍ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. മനോരമ ന്യൂസ് വാര്‍ത്താപരമ്പര ‘ലഹരി വേണ്ട ഭായ്’ക്ക് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പെരുമ്പാവൂര്‍ സന്ദര്‍ശനവും പ്രഖ്യാപനവും.

അതിര്‍ത്തികടന്നുള്ള ലഹരി വരവ് തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഈ മാസം പത്തിന് ചേരും. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി കടത്ത് നടക്കുന്നതായും ഇത് അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പെരുമ്പാവൂരില്‍ കൂടുതല്‍ പൊലീസിനെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തുമെന്നും സിനിമ മേഖലയെ പരിശോധനയില്‍ നിന്നൊഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലിയും ജനസഭയും സംഘടിപ്പിച്ചു. ലഹരിശൃംഖല പിഴുതുകളയുമെന്നും സ്പെഷല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ലഹരി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബെന്നി ബഹ്നാന്‍ എംപി പറഞ്ഞു. NDPS ആക്ടില്‍ ഭേദഗതി ആവശ്യപ്പെടുമെന്നും അദ്ദേഹം പെരുമ്പാവൂരിലെ പരിപാടിയില്‍ പറഞ്ഞു. ഈ നിയമത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടിയത് മനോരമ ന്യൂസാണ്. 

ENGLISH SUMMARY:

A new anti-drug task force will be formed in Kerala, announced by Home Minister Ramesh Chennithala, aiming to curb drug abuse and protect guest workers from being exploited. This initiative follows a series of news reports highlighting the drug menace and the need for stricter enforcement measures.