ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാവീഴ്ച. 55 മാര്‍ക്കിന് മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക തയ്യാറാക്കിയത് പരിശോധിച്ച ആഭ്യന്തര വിജിലന്‍സാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. പി.എസ്.സിയില്‍ റജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങൾ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചുവെന്നും കണ്ടെത്തലുണ്ട്
ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം കൃത്യമായി നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് മൂല്യനിര്‍ണയത്തിനുള്ള സോഫ്റ്റ് വെയറിലെ സുരക്ഷ വീഴ്ച കണ്ടെത്തിയത് . ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയാണ്. ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ സുരക്ഷ പരിശോധന വേണമെന്ന റിപ്പോര്‍ട്ടുകള്‍ പി എസ് സി അവഗണിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2019 മുതല്‍ നടപ്പാക്കിയ ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകള്‍ മുമ്പും ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.
കെ.എ.എസ് അടക്കമുള്ള പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തിയതും ഐ.ടി ഓഡിറ്റ് നടത്താത്ത ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണെന്നാണ് കണ്ടെത്തല്‍. പി.എസ്.സിയില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങൾ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചുവെന്നും കണ്ടെത്തലുണ്ട്. ആസൂത്രണ ബോര്‍ഡിലെ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും മൂല്യനിര്‍ണയം നടത്താനാണ് പി എസ് സി തീരുമാനിച്ചിരിക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങളിലേത് ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ തീരുമാനമനുസരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കരണ വകുപ്പാണ് ഉത്തരവിറക്കിയത്. മൂന്നാഴ്ചക്കകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.