corro-health-03

മുൻകൂട്ടി അറിയിപ്പൊന്നും കൂടാതെ കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനി ‘കോറോ ഹെല്‍ത്ത്’ൽ നിന്ന് ഏഴുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. രാവിലെ ഓഫീസിലെത്തിയ ജീവനക്കാർക്ക് ലഭിച്ചത് തങ്ങളുടെ ജോലി നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ്. പിരിച്ചുവിടൽ അറിയിച്ചത് മൈക്ക് അനൗൺസ്‌മെന്റിലൂടെയാണ്. എച്ച്.ആര്‍   വിഭാഗം  ഓരോരുത്തർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകി ഉടൻ തന്നെ ഓഫീസിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു മാനേജ്‌മെന്റിന്റെ ഈ ക്രൂരമായ നടപടി. സാധാരണയായി തൊഴിൽ കരാറുകളിൽ പറയുന്ന നോട്ടീസ് കാലയളവ് പോലും പാലിക്കാൻ കമ്പനി തയ്യാറായില്ല. പല ജീവനക്കാരും തങ്ങളുടെ ടാർഗറ്റ് പൂർത്തിയാക്കാനായി രാവിലെ ഏഴേമുക്കാലോടെ തന്നെ ലോഗിൻ ചെയ്ത് ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുമെന്ന ഭയത്താൽ അതികഠിനമായി അധ്വാനിച്ചവർക്ക് ലഭിച്ച സമ്മാനം അപ്രതീക്ഷിതമായ പുറത്താകൽ മാത്രമായിരുന്നു.

കമ്പനിക്ക് ലാഭമില്ലെന്നും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നുമാണ് മാനേജ്‌മെന്റ് നിരത്തുന്ന ന്യായീകരണം. എന്നാൽ, പതിനായിരത്തോളം ജീവനക്കാരുള്ള സ്ഥാപനം ഉത്തർപ്രദേശിലും ഹൈദരാബാദിലും പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്തുമ്പോൾ കേരളത്തിലെ മാത്രം ജീവനക്കാരെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് ഇവർ ആരോപിക്കുന്നു. 

കമ്പനിയുടെ ഔദ്യോഗിക സീലുകൾ പോലുമില്ലാത്ത കടലാസിലാണ് പലർക്കും പിരിച്ചുവിടൽ ഉത്തരവ് നൽകിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരെ കൈകാര്യം ചെയ്യാന്‍    സുരക്ഷാ ജീവനക്കാരെന്ന പേരില്‍  ഗുണ്ടാസംഘത്തെ നിയോഗിച്ചെന്നാണ്  ജീവനക്കാരുടെ ആരോപണം.

ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്നതാണ് ജീവനക്കാരുടെ പ്രാഥമിക ആവശ്യം. ഇനി ജോലിയിൽ തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ, ഈ പെട്ടെന്നുള്ള നടപടിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. പഠനത്തിനും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും മധ്യേ നിൽക്കുന്ന പലരും തൊഴിൽ നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലാണ്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

ENGLISH SUMMARY:

Around 700 employees were allegedly laid off without prior notice by a medical coding company operating in Kochi and Kozhikode, triggering protests across Kerala. Employees claim the company ignored contractual notice periods, issued termination letters abruptly, and continued hiring in other states while cutting jobs in Kerala. They are demanding reinstatement or fair compensation.