കടകംപള്ളി മനോജ്, ആര്‍. ചന്ദ്രശേഖരന്‍

കടകംപള്ളി മനോജ്, ആര്‍. ചന്ദ്രശേഖരന്‍

ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍ പ്രതിയായ കശുവണ്ടി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലി വിവാദം. ഹൈക്കോടതിയുടെ നിര്‍ബന്ധം കൊണ്ടാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവിലെഴുതിയത് പ്രതികളെ സഹായിക്കാനെന്നാണ് ആക്ഷേപം. ഹൈക്കോടതിയില്‍ ഹാജരാക്കാതിരുന്ന ഉത്തരവ് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ വായിച്ചതിനെതിരെയും പരാതികള്‍ ഉയര്‍ന്നു. സര്‍ക്കാര്‍ നടപടി കോടതിയോടുള്ള വെല്ലുവിളിയെന്ന് പരാതിക്കാരന്‍ കടകംപള്ളി മനോജ് ആരോപിച്ചു.

 

 പ്രോസിക്യൂഷന്‍ അനുമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഹൈക്കോടതിയുടെ തലയിട്ട്, പ്രതികള്‍ക്ക് അനുകൂലമായേക്കാവുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിചാരണക്കോടതി പോലെ പ്രവര്‍ത്തിച്ചതോടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സ്വന്തം നിലയില്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരാനായില്ല. ഇതാണ് കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍. ഇതുകൂടാതെ അനുമതിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അനുവാദം നിലനിര്‍ത്തിയിട്ടുമുണ്ട്. ഈ ഉത്തരവ് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല.  പക്ഷെ കോടതി കാണും മുന്‍പ് പ്രതിയായ ചന്ദ്രശേഖരന് ഇന്നലെ തന്നെ കിട്ടി.  തന്നെ ന്യായീകരിക്കാനായി അദേഹം വാര്‍ത്താസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു.

 

കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ക് ആദ്യം ഉത്തരവ് ലഭിച്ചതും കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന് പരാതിക്കാരന്‍. ഉത്തരവിന്‍റെ പകര്‍പ്പ് ചന്ദ്രശേഖരനും മറ്റൊരു പ്രതിയായ കെ.എ.രതീഷിനും നല്‍കാന്‍ ഉത്തരവില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കോടതി കാണും മുന്‍പ് പ്രതി ഉത്തരവ് കണ്ടത് സര്‍ക്കാര്‍ നല്‍കിയതുകൊണ്ടാണെന്ന് വ്യക്തം. എന്നാല്‍ ഇന്നലെ ഉത്തരവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് നല്‍കാത്തത്. ഉത്തരവില്‍ പിഴവുണ്ടെങ്കില്‍ അഡ്വക്കേറ്റ് ജനറല്‍ പരിശോധിച്ച് തിരുത്തുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

 

 

ENGLISH SUMMARY:

The Kerala government's prosecution sanction order in the alleged cashew corruption case involving INTUC leader R. Chandrasekharan has come under scrutiny. The complainant has alleged that the order contains observations favouring the accused and questioned how it reached the accused before being submitted in court. The controversy has intensified the legal and political battle surrounding the case.