മലയാളീ സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ഭിന്നതകളും തർക്കങ്ങളും കൂടുതൽ രൂക്ഷമാകുന്നു. നടി അൻസിബ ഹസ്സന്റെ പരാതിയെ പരിഹസിച്ച് നടൻ ടിനി ടോം അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നൽകിയ പരാതിയിൽ സംഘടന നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അൻസിബ ആവശ്യപ്പെട്ടപ്പോഴാണ്, അത് 'ഊള കേസ്' ആണെന്ന തരത്തിൽ ടിനി ടോം മറുപടി നൽകിയത്.

 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ഉയർന്നു വന്ന പരാതികളിൽ സംഘടന ഇടപെടണമെന്ന് അൻസിബ ആവശ്യപ്പെട്ടപ്പോൾ, ഇത്തരം 'ഊള കേസുകൾ' സംഘടനയിലല്ല, സ്റ്റേഷനിലാണ് കൊണ്ടുപോയി കൊടുക്കേണ്ടതെന്നാണ് ടിനി ടോം മറുപടി നൽകിയത്.  ഈ വിഷയത്തിൽ മുതിർന്ന താരങ്ങളോട് സംസാരിക്കുന്നുണ്ടെന്ന് ടിനി ടോം ചാറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ തന്നോട് പറയേണ്ടതില്ലെന്ന് അൻസിബ മറുപടി നൽകുന്നു.

അൻസിബയ്ക്കെതിരെ നേരത്തെ ടിനി ടോം ഗുരുതരമായ വർഗീയ പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ഈ ചാറ്റുകളിലൂടെ കൂടുതൽ വ്യക്തമാവുകയാണ്. അൻസിബ മറ്റൊരാളുടെ മകനെ മതം മാറ്റാൻ ശ്രമിച്ചുവെന്നും 'ജിഹാദി'യാണെന്നും തരത്തിലുള്ള പ്രചാരണങ്ങൾ ടിനി ടോം നടത്തിയതായി അൻസിബ പരാതിപ്പെട്ടിരുന്നു.

തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിൽ, ആരോപണവിധേയനായ രാജീവ് എന്ന വ്യക്തി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകൻ മതം മാറിയിട്ടില്ലെന്നും അൻസിബയുടെ ഭാഗത്തുനിന്ന് അത്തരം ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും രാജീവ് ഓഡിയോയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇതേ രാജീവ് തന്നോട് പറഞ്ഞ ചില രഹസ്യങ്ങൾ താൻ പുറത്തുപറയുന്നില്ല എന്നാണ് ടിനി ടോം വാട്സ്ആപ്പ് ചാറ്റിൽ അൻസിബയെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

സംഘടനയിലെ ഭാരവാഹികൾ തമ്മിൽത്തന്നെ പരസ്യമായ ചേരിതിരിവിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബയ്ക്കെതിരെ, വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ സംഘടന ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്നാണ് അൻസിബ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ അവഹേളിക്കുന്ന നിലപാടാണ് മറ്റ് ഭാരവാഹികളിൽ നിന്നുണ്ടായത്.

താൻ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അൻസിബ പ്രതികരിച്ചു. ടിനി ടോമിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അൻസിബയുടെ തീരുമാനം. നിലവിൽ പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും കേസിൽ അൻസിബയ്ക്ക് അനുകൂലമായ ശക്തമായ ഡിജിറ്റൽ തെളിവുകളായി മാറും.

ENGLISH SUMMARY:

AMMA internal conflict is escalating with leaked WhatsApp messages from Tini Tom regarding Anziba Hassan's complaint. These exchanges reveal a heated dispute within the Malayalam film fraternity, sparking significant debate and potential legal action.