ശ്വേത മേനോൻ ഭരണസമിതിക്കെതിരായ അമ്മയിലെ നീക്കത്തിൽ കുറ്റാരോപിതരായ പുരുഷന്മാരെയും സ്വാഗതം ചെയ്ത് മാല പാർവതിയുടെ വിവാദ ശബ്ദസന്ദേശം. കുറ്റാരോപിതരായതുകൊണ്ട് മാറിനിൽക്കരുതെന്ന് പുരുഷന്മാരോട് ആവശ്യപ്പെട്ടുവെന്നും സ്ത്രീകള്‍ പിന്തുണ നൽകിയാൽ സംഘടനയെ നയിക്കാൻ ഒരു വലിയ സംഘം വരുമെന്നുമാണ് അമ്മ 'പെൺമക്കൾ' വാട്സാപ്പ് ഗ്രൂപ്പിലെ മാല പാർവതിയുടെ ശബ്ദസന്ദേശം. തിരഞ്ഞെടുപ്പ് വേണോ ശ്വേതയുടെ ഭരണസമിതി തുടരണമോ എന്ന വാട്സാപ്പ് അഭിപ്രായ പോളിന്റെ ഭാഗമായാണ് മാല പാർവതിയുടെ ഇടപെടൽ.
നടിയെ ആക്രമിച്ച കേസിന് പിന്നാലെ സ്ത്രീവിരുദ്ധ നിലപാടിൽ പലതവണ പഴി കേൾക്കുകയും അംഗങ്ങൾക്ക് നേരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ മോഹൻലാൽ ഭരണസമിതി രാജിവയ്ക്കുകയും ചെയ്ത സംഘടനയിലാണ് കുറ്റാരോപിതർ മാറിനിൽക്കരുതെന്ന് മാല പാർവതി പറയുന്നത്. അതും 120ൽപരം സ്ത്രീകൾ മാത്രം അംഗങ്ങളായുള്ള പെൺമക്കൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ. സ്തീകളുടെ പിന്തുണ കിട്ടിയാൽ അമ്മയെ നയിക്കാൻ അവർ എത്തുമെന്നുമാണ് മാല പാർവതിയുടെ ഓഡിയോ.
അതേസമയം, ശബ്ദസന്ദേശം വിവാദമായതോടെ മാലാ പാര്‍വ്വതി വിശദീകരണവുമായി രംഗത്തെത്തി. കുറ്റാരോപിതരെ കൂടെ നിർത്തണമെന്ന് താൻ പറഞ്ഞ ഒരു ഓഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. താൻ പറഞ്ഞിരിക്കുന്നതിൽ നിന്ന് അടർത്തിയ വരി മാത്രമാണതെന്നും മാല ഫെയ്സ്ബുക്കില്‍ കുറിച്ചു. സംഘടനയിലെ ഭാരവാഹികളായിരുന്നവരോട്, പ്രത്യേകിച്ച് ഇടവേള ബാബുവിനോട് സംസാരിച്ചതിനെ കുറിച്ചാണ് ലീക്കായ ശബ്ദ സന്ദേശം. അതിന്‍റെ ഒരു ഭാഗം പുറത്ത് വിട്ട്, 'അമ്മയിലേക്ക് സ്വാഗതം' എന്ന് പറയുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. അമ്മയിൽ ഇല്ലാത്തവരെ ആണ് സ്വാഗതം ചെയ്യുക. ഇത് അതിന്‍റെ ആവശ്യമില്ല. കേസ് കൊടുക്കാനും മറ്റും മുൻകൈ എടുക്കാത്തതിനെ കുറിച്ചുണ്ടായ സംസാരത്തിന്‍റെ ഒരു ഭാഗമാണ് പുറത്ത് പോയിട്ടുള്ളതെന്നും മാലാ പാര്‍വതി പറഞ്ഞു. അത് മുഴുവനായി പുറത്ത് വിടാൻ അഭ്യർത്ഥിക്കുന്നെന്നും മാലാ പാര്‍വതി കുറിച്ചു.
നേരത്തെ തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതരോടാണ് എന്ന് ശ്വേത ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ആ കുറ്റാരോപിതർ ആരെന്ന് വ്യക്തമാക്കണമെന്ന് മാല പാർവതി ആവശ്യപ്പെടുകയും അത് മാലയ്ക്കല്ലേ അറിയുകയുള്ളുവെന്ന് ശ്വേത തിരിച്ചടിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വേണോ ശ്വേതയുടെ ഭരണസമിതി തുടരണമോ എന്ന കാര്യത്തിൽ പെൺമക്കൾ എന്ന ഗ്രൂപ്പിലെ ബഹുഭൂരിപക്ഷം വരുന്ന 85പേർ അഭിപ്രായം പറഞ്ഞിരുന്നില്ല. ഇവരുടെ പിന്തുണ ഉറപ്പാക്കുന്നതിനിടെയാണ് മാലാ പാര്‍വതിയുടെ ശബ്ദ സന്ദേശം പുറത്തുവരുന്നത്.