പ്രസിഡന്‍ഥ് ശ്വേത മേനോന് എതിരെ താരസംഘടനയായ 'അമ്മ'യിൽ പടയൊരുക്കം. തിരഞ്ഞെടുപ്പ് വേണോ ശ്വേതയുടെ ഭരണസമിതി തുടരണമോ എന്ന ചോദ്യമുയർത്തി അമ്മയിലെ 'പെൺമക്കൾ' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ മാല പാർവതിയുടെ നേതൃത്വത്തിലാണ് അഭിപ്രായരൂപീകരണത്തിന് ശ്രമം നടക്കുന്നത്. വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും മനോരമ ന്യൂസിന് ലഭിച്ചു.
ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ജൂൺ 26ന് ശ്വേതയെ അമ്മയിലെ പെൺമക്കൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ താൻ രാജി സമർപ്പിച്ചിട്ടില്ലെന്നിരിക്കെ നിയമവിരുദ്ധമായി അഡ്ഹോക്ക് സമിതി രൂപീകരിച്ചെന്ന് ആരോപിച്ച് ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു. അഡ്ഹോക്ക് സമിതിയുടെ പ്രവർത്തനം കോടതി മരവിപ്പിച്ചതോടെ ശ്വേതയുടെ ഭരണസമിതി തുടർന്നു. ഇതിന് പിന്നാലെയാണ് അമ്മയിലെ എതിർചേരി ശ്വേതയ്ക്കെതിരെ വീണ്ടും സംഘടനയ്ക്കുള്ളിൽ യുദ്ധം പ്രഖ്യാപിച്ചതും.
നിലവിൽ പതിനേഴംഗ ഭരണസമിതിയിൽ പന്ത്രണ്ട് പേരാണുള്ളത്. അഞ്ച് പേർ രാജിവച്ചെങ്കിലും ഭരണസമിതിക്ക് തീരുമാനമെടുക്കാൻ അമ്മ ബൈലോ പ്രകാരം ആറുപേരുടെ ക്വാറം ഉണ്ടായാൽ മതി. ഇവിടെയാണ് മറുപക്ഷം അട്ടിമറിക്ക് സാധ്യത തേടുന്നതും.