നട്ടാല്‍ കുരുക്കാത്ത നുണകളാണ് തന്‍റെ പേരില്‍ ചേര്‍ത്ത് ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നടന്‍ ജോജു ജോര്‍ജ്. തന്റെ ശമ്പളം അഞ്ച് കോടിയാണെന്ന് പറയുന്നത് കേട്ടെന്നും എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ചോദിച്ചാൽ അതിന്റെ സത്യാവസ്ഥ അറിയാമെന്നും ജോജു പറഞ്ഞു. അഞ്ച് കോടിയല്ല അതിന്റെ മൂന്നിലൊന്ന് തന്നാൽ പോലും താൻ അഭിനയിക്കുമെന്നും നടൻ പറയുന്നു. തനിക്ക് ദേഷ്യം വന്നാൽ ഐ ഫോൺ എറിഞ്ഞ് പൊട്ടിക്കുമെന്ന് പറയുന്നത് കേട്ടെന്നും ജോജു. 

'എന്റെ ശമ്പളം അഞ്ച് കോടിയാണ് ഞാൻ പതിനാറ് ഐ ഫോൺ തല്ലിപൊട്ടിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് കുറെ വിഡിയോസ് വരുന്നത് കണ്ടു. ഇതിന്റെ സത്യാവസ്ഥയാ അറിഞ്ഞിട്ട് വേണം എല്ലാവരും സംസാരിക്കാൻ. ഞാൻ വാങ്ങുന്ന സാലറി എത്രയാണെന്ന് നിങ്ങൾ എന്റെ നിർമാതാക്കളോട് ചോദിച്ചാൽ മനസിലാകും. അഞ്ച് കോടി പോയിട്ട് അതിന്റെ പകുതിയുടെ പകുതി തന്നാൽ പോലും ഞാൻ അഭിനയിക്കും. പിന്നെ പതിനാറ് ഐ ഫോൺ എറിഞ്ഞ് പൊട്ടിച്ചെന്ന് മറ്റൊരു ആരോപണവും. ഒരു ഐ ഫോണിന് ഒരു ലക്ഷം രൂപ വെച്ചണെങ്കിലും പതിനാറ് ഫോണിന് പതിനാറ് ലക്ഷം എങ്കിലും വേണ്ടേ.. എന്തിനാണ് ചുമ്മാ ഫെയ്ക് ന്യൂസ് ഉണ്ടാക്കിവിടുന്നത്? ഞങ്ങൾ എങ്ങനെയെങ്കിലും സിനിമ ചെയ്ത് പൊക്കോട്ടെ. നിങ്ങൾ അതിനുള്ള ഒരു സാഹചര്യം ഉണ്ടാക്കി തന്നാൽ മാത്രം മതി,' ജോജു ജോർജ് പറയുന്നു. 

അതേസമയം മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്ന ഗുരുതര ആരോപണം  ജോജു ജോർജ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിൻ്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്‌ഡ്‌ പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. 'വരവ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ജോജു ഇൻസ്റ്റഗ്രാം ലൈവിൽ വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും നടൻ സംസാരിച്ചു. 

ENGLISH SUMMARY:

Joju George addresses fake news surrounding his salary and alleged behavior. He clarifies that his salary is not ₹5 crore and he is willing to act for even less, debunking rumors about him breaking iPhones.