• സായാഹ്നം, സ്ഥിതി, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ സംവിധായകനാണ്.

ദേശീയ പുരസ്കാര ജേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ആർ.ശരത് ( 65 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2000-ൽ പുറത്തിറങ്ങിയ സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ശരത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനൊപ്പം നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സായാഹ്‌നം സ്വന്തമാക്കി. 

2001-ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. സ്ഥിതി, സായാഹ്നം, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ എന്നീ ചിത്രങ്ങളും ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ആർ. ശരത്, ചലച്ചിത്ര നിർമ്മാണത്തിലും ജേണലിസത്തിലും ഔദ്യോഗിക പരിശീലനം നേടിയിട്ടുണ്ട്. 

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ വസതിയിലെത്തിച്ച ഭൗതികദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ശാന്തികവാടത്തില്‍ സംസ്കരിക്കും. 

ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആര്‍. ശരത് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. 'ദി പെയിന്റഡ് എപ്പിക്‌സ്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടയില്‍, രാജാ രവിവര്‍മ്മയുടെ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാത്ത അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി. രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു ഈ കണ്ടെത്തല്‍. ഈ ചുമര്‍ചിത്ര ഗവേഷണത്തിന് 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി.

ഒ.എന്‍.വി. കുറുപ്പിന്റെ കവിതയെ അടിസ്ഥാനമാക്കി പരിസ്ഥിതി-സ്ത്രീത്വ സൗന്ദര്യശാസ്ത്രം പ്രമേയമാക്കി ഒരുക്കിയ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന ഹ്രസ്വചിത്രവും, സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ 'സ്ഥിതി' എന്ന ഫീച്ചര്‍ ഫിലിമും ഏറെ നിരൂപകപ്രശംസ നേടി. പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നായകനായി അഭിനയിച്ചു എന്നതും 'സ്ഥിതി'യുടെ പ്രത്യേകതയായിരുന്നു.

ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രം, മികച്ച കഥ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ തേടിയെത്തിയിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

ENGLISH SUMMARY:

Noted Malayalam filmmaker R. Sarath has passed away. He died at a private hospital in Thiruvananthapuram. He directed acclaimed films including Sayahnam, Sthithi, Sheelabathi, Swayamvarapandh... and Buddhanum Chaplinum Chirikkunnu. His film Sayahnam won seven Kerala State Film Awards across various categories.