• അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്.

ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ആറായി. രക്ഷാപ്രവർത്തനം തുടരുന്നു. വിദ്യാർഥികളടക്കം ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. മരിച്ചവരിൽ രണ്ടുപേർ വിദ്യാർഥികളാണ്. ഒരാൾ തൊഴിലാളിയാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടമുണ്ടായി 17 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇടുങ്ങിയ റോഡുകളിലൂടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ വലിയ ലോറി എത്താത്തതും പ്രതിസന്ധിയാണ്. അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്. Also Read: ‘അവര്‍ ഇപ്പോഴും വിളിക്കുന്നു’; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫോൺ കോളുകള്‍ വരുന്നതായി എംഎൽഎ


ഡൽഹിയിൽ ഇന്ന് വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട കെട്ടിടം നിർമിച്ചത് 1990ലാണെന്ന് ഡൽഹി കോർപ്പറേഷൻ അറിയിച്ചു. ഈ കെട്ടിടത്തെക്കുറിച്ച് ഇതുവരെയും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എംസിഡി അറിയിച്ചു. ബേസ്മെന്റ് അടക്കം അഞ്ചുനിലയാണ് ആകെയുണ്ടായിരുന്നത്. അതിനിടെ, അപകടാവസ്ഥയിലുളള മറ്റ് കെട്ടിടങ്ങളുടെ പട്ടിക എംസിഡി തയാറാക്കി.

 

അഴിമതിയുടെ വലിയ ഉദാഹരണമാണ്  സത്യനികേതനിലെ തകർന്ന കെട്ടിടം എന്ന് പ്രദേശവാസി ഹർഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പ്രദേശത്തെ ഓരോ ഹോസ്റ്റലുകളും പ്രവർത്തിക്കുന്നത്.  കാലപ്പഴക്കം അറിയാതിരിക്കാൻ കെട്ടിടങ്ങളുടെ മുൻവശങ്ങളിൽ മാത്രം അറ്റകുറ്റപ്പണികൾ നടത്തും. ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ച ശേഷമാണ് പ്രവേശനം നൽകുന്നത് എന്നതിനാൽ താമസശേഷം പ്രശ്നങ്ങൾ ഉണ്ടെങ്കിലും വിദ്യാർഥികൾക്ക് പോകാൻ കഴിയില്ല. വലിയ വീഴ്ചയുടെ ഫലമാണ് അപകടമെന്നും പ്രദേശത്താകമാനം പരിശോധന നടത്തണമെന്നും  ഹർഷ് പറയുന്നു. 

ENGLISH SUMMARY:

A building collapse in Delhi’s Satya Niketan has claimed six lives, including two students, while around 20 people are feared trapped. Rescue operations have been delayed by narrow roads and difficulties in removing the concrete debris. A magisterial inquiry has been ordered, and a case has been registered against the absconding building owner.