ANI Photo

ANI Photo

TOPICS COVERED

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിൽ ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ രക്ഷാപ്രവർത്തകരെയും ബന്ധുക്കളെയും ഫോണില്‍ വിളിക്കുന്നതായി ബിജെപി എംഎൽഎ അനിൽ ശർമ്മ. അപകടസ്ഥലത്ത് നേരിട്ടെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ചില വിദ്യാർഥികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഫോൺ വിളിക്കുന്നുണ്ടെന്നും ദുരന്തനിവാരണ സേനയും അധികൃതരും അവരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഭരണകൂടവും അടിയന്തര സുരക്ഷാ സംഘങ്ങളെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന കുട്ടികളെ എത്രയും വേഗം പുറത്തെടുക്കാനാണ് മുൻഗണന’– ആർ.കെ പുരം എംഎൽഎയായ അനിൽ ശർമ്മ വ്യക്തമാക്കി.

ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യ നികേതനിൽ പേയിങ് ഗസ്റ്റ് ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഉച്ചയ്ക്ക് 1:30-ഓടെ തകർന്നു വീണത്. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാപംസിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന പിജിയാണിത്. അപകടത്തില്‍ ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രക്ഷാദൗത്യം തുടരുകയാണ്. 

അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എത്ര പേര്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ട് എന്നതിലും വ്യക്തതയില്ല. എങ്കിലും അപകടസമയത്ത് അമ്പതോളം കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്‍ഡിആര്‍എഫും പൊലീസും അഗ്നിശമന സേനയും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

ഏകദേശം 40-50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തൂണുകൾ ദുർബലമായതാണ് കെട്ടിടം പെട്ടെന്ന് തകരാൻ ഇടയാക്കിയതെന്ന് പ്രാദേശികവാസികൾ പറയുന്നു. ദേശീയ ദുരന്തനിവാരണ സേന, ഡൽഹി ഫയർ സർവീസ്, പൊലീസ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ENGLISH SUMMARY:

A multi-story building functioning as the "Hostel Days" boys' Paying Guest (PG) facility collapsed in Satya Niketan near Delhi University's South Campus around 1:30 PM. Local BJP MLA Anil Sharma (R.K. Puram) confirmed at the site that trapped students were calling relatives and rescue officials from beneath the debris. One death has been confirmed, with three individuals in critical condition. Initial reports suggest no Keralite students were inside, though locals estimate around 50 students were present during the collapse. Preliminary investigations indicate that ongoing basement repairs weakened the pillars of the 40-to-50-year-old structure. Rescue efforts involve the NDRF, Delhi Fire Services, Delhi Police, and dog squads.