ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'അങ്കമാലി ഡയറീസി'ൽ ആദ്യം തന്നെയും കാസ്റ്റ് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ സഞ്ജു ശിവറാം. ടൊവിനോയും ജോജുവും ഉള്‍പ്പെടെയുള്ള താരങ്ങളുണ്ടായിരുന്നുവെന്നും പിന്നീട് അതിൽനിന്ന് ഒഴിവാക്കപ്പെട്ടത് വലിയ ആഘാതമുണ്ടാക്കിയെന്നും സഞ്ജു ശിവറാം പറഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തി ചിത്രം പൂർത്തിയാക്കാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നുവെന്നും മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

‘അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനൊപ്പം ഏകദേശം ഒന്നൊന്നര വര്‍ഷത്തോളം ഞാന്‍ സഞ്ചരിച്ചിരുന്നു. ആ സിനിമയാണ് എന്റെ അടുത്തത് എന്ന രീതിയില്‍ ആ ചിത്രത്തിന് വേണ്ടി മറ്റ് പല പ്രൊജക്ടുകളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതിന് വേണ്ടി വര്‍ക്ക് ഔട്ട് ചെയ്യുകയും ആ പ്രൊസസില്‍ ഒരുപാട് വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിലേ ആവാന്‍ തുടങ്ങി. അതിന് ശേഷമാണ് മുഴുവന്‍ ഫ്രെഷേഴ്‌സ് എന്ന ഒരു രീതിയിലേക്ക് മാറുന്നത്. അങ്ങനെ അത് മാറിപ്പോയി.

ഒരുപാട് പേര്‍ ഞാന്‍ ആ സിനിമ ചെയ്യുന്നതിനെ കുറിച്ച് അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അതെനിക്ക് വലിയ ഷോക്കായിരുന്നു. ഏകദേശം ഒന്നൊന്നര വര്‍ഷത്തോളം എന്റെ കോണ്‍ഫിഡന്‍സെല്ലാം പോയ ഒരു അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിച്ചു. അടുത്തത് എന്താണ് എന്നൊരു ശൂന്യതയിലായിരുന്നു ഞാന്‍.

അതൊരു ലൈഫ് ലെസണ്‍ ആയിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ടായിരുന്നു. ആ സിനിമയ്ക്ക് നമ്മള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ 65 ദിവസത്തെ ഷൂട്ടിങ് ആവശ്യമായി വന്നിരുന്നു. അത്രയും ദിവസം ചെയ്യുമ്പോള്‍ തന്നെ അതൊരു വലിയ ബജറ്റായി മാറും. അങ്ങനെയാണ് ഫുള്‍ ഫ്രെഷേസിനെ വെച്ച് ചെയ്യിക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്. ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിങ് വളരെ വലുതായിരുന്നു. ടൊവിനോ തോമസ് ഭീമന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ചേട്ടന്‍ തുടങ്ങി വലിയ കാസ്റ്റായിരുന്നു ഉണ്ടായിരുന്നത്,’ സഞ്ജു പറഞ്ഞു.

ENGLISH SUMMARY:

Actor Sanju Sivaram revealed in a recent interview that he was initially cast in Lijo Jose Pellissery's hit film Angamaly Diaries. He shared that the original cast included prominent actors such as Tovino Thomas, Joju George, Soubin Shahir, and Sreenath Bhasi before the makers opted for fresh faces. Sanju mentioned that he had dedicated nearly a year and a half to preparing for the project, turning down other films during that period. Being replaced due to budget considerations and production delays came as a major shock that impacted his confidence, though he now views it as a valuable life lesson.