Image Credit: instagram/tovinothomas
തന്‍റെ പേര് ദുരുപയോഗം ചെയ്ത് ആളുകള്‍ക്ക് ആരോ വ്യാജ ഇമെയില്‍ സന്ദേശം അയയ്ക്കുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. ആര്‍ക്കെങ്കിലും തന്‍റെ പേരിലുള്ള ഇമെയില്‍ സന്ദേശം ലഭിച്ചാല്‍ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
'പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്‍റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. tovinothomas79@gmail.com എന്ന ഐഡിയില്‍ നിന്നാണ് ആളുകള്‍ക്ക് ഇമെയില്‍ സന്ദേശം എത്തിയിരിക്കുന്നത്. ഈ ഇമെയില്‍ വിലാസം എന്‍റേതല്ല. എന്‍റെ പേരില്‍ ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്താന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇമെയില്‍ വഴി തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുത്. മെയില്‍ ലഭിച്ചവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ വേണം'– താരം അഭ്യര്‍ഥിച്ചു.
ഈ സന്ദേശം മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കണമെന്നും താനുമായെന്ന പേരില്‍ ഏതെങ്കിലും തരത്തില്‍ ആശയവിനിമം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ ഉറപ്പുവരുത്തണമെന്നും ടൊവിനോ കുറിച്ചു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ സമയത്ത് താന്‍ ഒരു ഫെയ്ക്ക് ഐഡി ഉണ്ടാക്കിയിരുന്നുവെന്ന് താരം കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. അത്തരം നടപടികള്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും അത് ഡിലീറ്റ് ചെയ്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ' ഞാനൊരിക്കല്‍ പെണ്‍കുട്ടിയുടെ പേരില്‍ ഒരു ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി. ശരിക്കുമുള്ള പ്രൊഫൈല്‍ ചിത്രം പോലും ചേര്‍ത്തിരുന്നില്ല. അക്കൗണ്ട് യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കാന്‍ കുറച്ച് ആളുകളെ സുഹൃത്തുക്കളാക്കി. ചിലര്‍ക്കൊക്കെ അങ്ങോട്ട് റിക്വസ്റ്റ് അയച്ചു. അപ്പോള്‍ ഒരു പെണ്‍കുട്ടി, പ്രൊഫൈല്‍ ചിത്രം പോലുമില്ലാത്ത ആളെ എങ്ങനെ മനസിലാക്കാനാണെന്നും അത്തരം റിക്വസ്റ്റുകള്‍ താന്‍ സ്വീകരിക്കാറില്ലെന്നും വെളിപ്പെടുത്തി. അപ്പോഴാണ് തനിക്കത് ഫെയ്ക്ക് ഐഡികള്‍ സൃഷ്ടിക്കുന്ന തലവേദനയും അതിന്‍റെ അപകടവും മനസിലായതെ'ന്നും താരം കൂട്ടിച്ചേര്‍ത്തു.