കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയെ പൊലീസ് കരുതൽ തടങ്കലിലാക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ കൊച്ചി പൗരാവലിയുടെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയാണ് സംഭവം . മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനുണ്ടെന്ന് പറഞ്ഞാണ് ഇവർ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ചത്.
പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും വലിയ തോതിൽ ബഹളമുണ്ടാക്കുകയും ചെയ്തതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി കടവന്ത്ര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു. രാജ്യാന്തര വിഷയങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെടുന്ന സാമൂഹിക പ്രവർത്തകയാണ് ഇവർ. ഇസ്രയേലിന് അനുകൂലമായി നേരത്തെ നടത്തിയ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിലവിൽ ഒരു കേസ് ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിക്കുന്നതിനാണ് വേദിയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ വീഴ്ച ഒഴിവാക്കുന്നതിനാണ് ഉടനടി നടപടി സ്വീകരിച്ചത്.