പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതികരിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും കേരളത്തില്‍ പൊതുവേ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെന്നും സതീശന്‍  പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണെന്നും സാധാരണക്കാര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സെസ് കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്‍റെ മറുപടി.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ ജനങ്ങള്‍ ശക്തമായി  പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്നും വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.

രാവിലെയാണ് രാജ്യത്ത് ഇന്ധന വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. പെട്രോളിനും ഡീസലിനും ലീറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.78 രൂപയും ഡീസല്‍ ലീറ്ററിന്  97.67രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 110.75രൂപയാണ് വില. കോട്ടയത്ത് പെട്രോള്‍ ലീറ്ററിന് 109.28 രൂപയും ഡീസല്‍ 98.14 രൂപയുമായി. ചെന്നൈയില്‍ പെട്രോള്‍ ലീറ്ററിന് 103 രൂപ 67 പൈസയും ഡീസല്‍ ലീറ്ററിന് 95 രൂപ 25 പൈസയുമാണ് പുതിയ നിരക്ക്. ഡല്‍ഹിയില്‍ പെട്രോളിന് 97 രൂപ 44 പൈസയും ഡീസലിന് 90 രൂപ 67 പൈസയുമായി. വിവിധ നഗരങ്ങളില്‍ മൂന്ന് രൂപ 29 പൈസ വരെ വര്‍ധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷവും ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിന് തടസ്സങ്ങൾ നേരിട്ടതുമാണ് വിലവർധനയിലേക്ക് നയിച്ചത്. എണ്ണക്കമ്പനികൾ പ്രതിദിനം 1000 കോടിയുടെ നഷ്ടം നേരിടുന്നതായും വിലകൂട്ടാൻ അനുമതി നല്കേണ്ടിവരുമെന്നും കേന്ദ്രം പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വിശദീകരിച്ചിരുന്നു. ഇന്ധന ഉപഭോഗം നിയന്ത്രിക്കണക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്ത് ദിവസങ്ങൾക്കകമാണ് വിലവർധന.

ENGLISH SUMMARY:

Designated Kerala Chief Minister VD Satheesan has announced that the new government will consider taking steps to mitigate the impact of the recent petrol and diesel price hike. He stated that he is already in discussions with officials to explore possibilities, such as tax or cess reductions similar to the measures taken during the previous Oommen Chandy administration. Meanwhile, former Chief Minister Pinarayi Vijayan criticized the Central Government’s decision to hike prices by ₹3 per liter, labeling it as a "cruel blow" to the common man while protecting corporate interests. CPM State Secretary MV Govindan also called for strong public protests against the rising fuel costs. The hike, triggered by the conflict in West Asia, has pushed petrol prices in Trivandrum to over ₹110 per liter.