Image: Instagram, Anjalymenon

 കേരളത്തിന്‍റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍മീഡിയകള്‍ നിറയെ. ഇപ്പോഴിതാ വി.ഡിയുടെ സഹോദരന്‍റെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയാവുകയാണ്. വി.ഡിയുടെ മൂത്ത ചേട്ടന്‍റെ മകളാണ് അഞ്ജലി മേനോന്‍. അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു കുടുംബമെന്നാണ് അഞ്ജലി കുറിപ്പില്‍ പറയുന്നത്.

‘സദ്ദു കൊച്ചച്ചന്‍’എന്നാണ് താന്‍ അദ്ദേഹത്തെ വിളിക്കുന്നതെന്നും ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും തന്‍റെ കൈകള്‍ വിറയ്ക്കുന്നതുപോലെ തോന്നുന്നുവെന്നും അഞ്ജലി പറയുന്നു, കഴിഞ്ഞയാഴ്ച എല്ലാവരും ഉദ്വേഗത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അത് അധികാരമോ സ്ഥാനമോ സംബന്ധിച്ചുള്ള ആശങ്കയായിരുന്നില്ലെന്നും മറിച്ച് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പായിരുന്നുവെന്നും അഞ്ജലി പറയുന്നു. അദ്ദേഹം നിന്‍റെ അച്ഛനാണോ എന്നുള്‍പ്പെടെ പലരും ചോദിക്കാറുണ്ട്, മാതാപിതാക്കള്‍ നല്‍കുന്ന അതേ സ്നേഹമാണ് അദ്ദേഹമുള്‍പ്പെടെയുള്ള കൊച്ചച്ചന്‍മാരെല്ലാവരും നല്‍കുന്നതെന്നും അഞ്ജലിയുടെ പോസ്റ്റില്‍ പറയുന്നു.

Image: Instagram, Anjalymenon

ഞങ്ങള്‍ വളര്‍ന്ന വടശ്ശേരി എന്ന ലോകം അങ്ങനെയാണെന്നും കുറിപ്പില്‍ പറയുന്നു. കേരളത്തിലെ ജനങ്ങള്‍ സദ്ദു കൊച്ചച്ചന് നല്‍കുന്ന സ്നേഹം കാണുമ്പോള്‍ കണ്ണ് നിറയുന്നു.– അഞ്ജലി പറയുന്നു. എളിമയുള്ളവരായി വളരണമെന്നാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്, നമുക്കുള്ളതെല്ലാം അപ്പനപ്പൂപ്പന്‍മാരുടെ അനുഗ്രഹം ആണെന്ന് കൊച്ചച്ചന്‍ എപ്പോഴും പറയും. അവരുണ്ടാക്കിയ അടിത്തറയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് എപ്പോഴും ഓർമിപ്പിക്കും. അതാണ് ഞങ്ങളെ എളിമയുള്ളവരായി നിര്‍ത്തുന്നതെന്നും അഞ്ജലി കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴം കേരളത്തിലെ ജനങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഇപ്പോഴുള്ളതിനേക്കാള്‍ വലിയ തിരക്കിലേക്കാണ് കൊച്ചച്ചന്‍റെ ജീവിതം മാറുന്നതെന്ന് ബോധ്യമുണ്ട്, എങ്കിലും ഞങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്താന്‍ കൊച്ചച്ചനു കഴിയും, നമ്മള്‍ എന്നും ഒത്തുകൂടുമ്പോള്‍ പറയുന്ന ആ പഴയ കഥകളെല്ലാം പറഞ്ഞ് ചിരിക്കാന്‍ ഇനിയും സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പല പ്രതിസന്ധികളിലൂടെയാണ് അങ്ങ് കടന്നുപോയത്, പല തരത്തിലുള്ള ചതികള്‍ കണ്ടു, പലരും പിടിച്ച് താഴെയിടാന്‍ നോക്കി, എങ്കിലും അങ്ങേയറ്റം കരുത്തോടെ അങ്ങ് തിരിച്ചുവന്നു. ഇന്ന് അങ്ങ് കേരളത്തിലെ നേതാവായാണ് അറിയപ്പെടുന്നത്, പക്ഷേ ഞങ്ങളെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യവും ഓര്‍ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന കൊച്ചച്ചനെ ഞങ്ങള്‍ക്ക് നന്നായറിയാമെന്നും അഞ്ജലി കുറിക്കുന്നു. കൊച്ചച്ചാ, ‍‍ഞങ്ങള്‍ക്കുവേണ്ടി അങ്ങെപ്പോഴും എങ്ങനെ നിലകൊണ്ടോ അതുപോലെ എന്നും ഞങ്ങള്‍ അങ്ങയോട് ഒപ്പമുണ്ടാകും–എന്നു കുറിച്ചാണ് അഞ്ജലി പോസ്റ്റ് അവസാനിപ്പിച്ചത്.

 

 

V.D. Satheesan's Niece Shares Heartfelt Tribute on His New Role:

V.D. Satheesan's niece, Anjali Menon, has shared an emotional Instagram post about his journey and upcoming role as Kerala CM. She highlights the family's pride and his unwavering dedication despite facing challenges.