ജയന്തി രാജന്‍റെ തോല്‍വിയ്ക്ക് പിന്നാലെ കൂത്തുപറമ്പിലെ മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി. ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ജയന്തി രാജന്‍റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം.
ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. തന്‍റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് ഷാഹുല്‍ ഹമീദ് പ്രതികരിച്ചു. 1286 വോട്ടിനാണ് ജയന്തി രാജന്‍ പരാജയപ്പെട്ടിരുന്നത്.
കൂത്തുപറമ്പിലെ രാഷ്ട്രീയ അന്തരീക്ഷം ഭീതിജനകമായിരുന്നുവെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജയന്തി രാജൻ പ്രതികരിച്ചിരുന്നു. സമാധാനപരമായി പ്രചാരണം നടത്താൻ പോലും എതിരാളികൾ സമ്മതിച്ചില്ലെന്നും വോട്ടെടുപ്പ് ദിവസം പോലും മണ്ഡലത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നും വയനാട് മാനന്തവാടി സ്വദേശി ജയന്തി രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.