• ഏഴ് എംഎൽഎമാർ ഉള്ളത് പരിഗണിക്കണം
  • റവന്യൂ അല്ലെങ്കിൽ പൊതുമരാമത്ത് വേണം
  • രണ്ടാം മന്ത്രിയുടെ വകുപ്പിൽ വിട്ടുവീഴ്ച ചെയ്യും

വകുപ്പ് വിഭജനവും മന്ത്രിമാരുടെ എണ്ണവും അന്തിമമാക്കാൻ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് ചേരാനിരിക്കെ,  രണ്ടു മന്ത്രി സ്ഥാനത്തിനായി പിടിവലി മുറുക്കി കേരളാ കോൺഗ്രസ്. ഒരു എംഎൽഎ ഉള്ള പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ ഏഴ് എംഎൽഎമാർ ഉള്ള കേരള കോൺഗ്രസിനോടും ഒരേ സമീപനം പാടില്ലെന്നാണ് പാർട്ടിയുടെ വാദം. 

റവന്യൂ അല്ലെങ്കിൽ പൊതുമരാമത്ത് വേണമെന്ന് ആവശ്യപ്പെടുന്ന കേരള കോൺഗ്രസ്, രണ്ടാം മന്ത്രിയുടെ വകുപ്പിൽ വിട്ടുവീഴ്ച ചെയ്യും. അതേസമയം തൊഴിൽ വകുപ്പിന് പകരം ജലം അല്ലെങ്കിൽ വനം വകുപ്പുകളിൽ ഒന്ന് വേണമെന്ന് ആവശ്യപ്പെടാനാണ്  ആര്‍എസ്പി തീരുമാനം.

മുഖ്യമന്ത്രിയാക്കാത്തതിൽ ഇടത്ത് നിൽക്കുന്ന രമേശ് ചെന്നിത്തല,  വി.ഡി സതീശൻ മന്ത്രിസഭയിൽ ഭാഗമാകും. ചെന്നിത്തലയുടെ വകുപ്പിന്മേൽ ഇന്ന് ചർച്ച നടക്കും. മുൻപ് കൈകാര്യം ചെയ്ത ആഭ്യന്തരം എങ്കിലും ലഭിക്കണമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. എന്നാൽ ആഭ്യന്തരം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. സാമുദായിക ജില്ലാ പരിഗണനകൾ തിരിച്ചടി ആയതിനാൽ ഒപ്പമുള്ളവരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിലും ചെന്നിത്തല വിട്ടുവീഴ്ച ചെയ്തേക്കും .

രണ്ട് വകുപ്പുകളില്‍ കണ്ണുനട്ട് ആര്‍എസ്പി; ജലം അല്ലെങ്കിൽ വനം വേണമെന്ന് ആവശ്യം

വി ഡി സതീശൻ മന്ത്രിസഭയിൽ പ്രാതിനിധ്യം കൂട്ടാൻ കെ.സി. വേണുഗോപാൽ പക്ഷം കലാപമുയർത്തില്ല. പ്രാതിനിധ്യമനുസരിച്ച് അർഹിക്കുന്ന പരിഗണന നൽകണമെന്ന് മാത്രമാണ് ആവശ്യം.

പുതിയ   സർക്കാർ തിങ്കളാഴ്ച സമ്പൂർണമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ അറിയിച്ചു.   

വിജയ് വരുമോ? ഇല്ലയോ?

തമിഴ്നാട് മുഖ്യമന്ത്രി വിജയ്, വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് എത്തുമോ? ഈ ചേദ്യമാണ് നാടെങ്ങും ഉയരുന്നത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് ദേശീയ നേതൃത്വവും ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷ.

ചീഫ് സെക്രട്ടറി VIPകളെ ഫോണിലൂടെ ക്ഷണിച്ചു തുടങ്ങി. ക്ഷണക്കത്ത്, ചടങ്ങിനുള്ള പാസ് എന്നിവ ഇന്നു ലഭിക്കേണ്ടതാണ് . സെൻട്രൽ സ്‌റ്റേഡിയത്തിൽ പന്തൽ നിർമാണം പുരോഗമിക്കുകയാണ്.  ഒരു ലക്ഷം പേരെങ്കിലും സത്യപ്രതിജ്ഞ കാണാൻ എത്തുമെന്നാണ് കണക്കാക്കുന്നത്.

ENGLISH SUMMARY:

Kerala Congress strongly demands two ministerial posts in the new VD Satheesan cabinet, citing its strength of seven MLAs in the assembly.