ഔട്ടര്‍ ഡല്‍ഹിയിലെ തിക്രി കലാനില്‍ സിഎൻജി പമ്പില്‍ വാതകം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു നാടുകുലുക്കിയ ദുരന്തം. മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ധന സ്റ്റേഷനിലെ ജീവനക്കാരാണ്.

പമ്പില്‍ വാതകം നിറച്ചുകൊണ്ടിരുന്ന ട്രക്കിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനസമയത്ത് ട്രക്കിന് സമീപം നിന്നിരുന്ന ആറുപേര്‍ക്കും പരുക്കേറ്റു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.

സംഭവത്തെക്കുറിച്ച് ബുധനാഴ്ച വൈകിട്ട് 3.37ഓടെയാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A CNG cylinder blast at a filling station in Tikri Kalan, Outer Delhi, has resulted in a tragic incident with three fatalities and three individuals sustaining severe injuries. The explosion occurred while gas was being filled into a truck's cylinder, impacting those near the vehicle.