കേരള പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്. മറ്റിടങ്ങളിൽ ജോലിയുള്ള പൊലീസുകാർക്കാണ് ഈ പുതിയ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. മറ്റ് യൂണിറ്റുകളിലും ജില്ലകളിലും ജോലിയുള്ള ഉദ്യോഗസ്ഥർക്ക് ഇനി തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലുള്ള രണ്ട് മണിക്കൂർ മാത്രമേ പൊലീസ് ആസ്ഥാനത്ത് സന്ദർശനം നടത്താൻ അനുവാദമുള്ളൂ.

പൊലീസ് ആസ്ഥാനത്ത് യാതൊരു സമയക്രമവുമില്ലാതെ മറ്റ് പലയിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ നിരന്തരം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തങ്ങളുടെ കേസ് ഫയലുകളുടെയും സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും പുരോഗതി അറിയാൻ ഉദ്യോഗസ്ഥർ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ കയറിയിറങ്ങുന്നത് പതിവായിരുന്നു.

ഇതുമൂലം പൊലീസ് ആസ്ഥാനത്തെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Kerala Police HQ visit rules have been implemented to streamline operations. This new regulation restricts police personnel working in other locations from visiting the headquarters at any time, aiming to improve overall efficiency.