• കൊല്ലത്തുള്ളവർ ആരും ഹെൽമറ്റ് ധരിക്കാറില്ലെന്ന രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിന്റെ പരാമർശം വിവാദത്തിൽ. ആലപ്പുഴയിലെ ഹരിപ്പാട് കഴിഞ്ഞാൽ തിരുവനന്തപുരം അതിർത്തി വരെ ആരും ഹെൽമറ്റ് ധരിക്കാറില്ലെന്നും ഹെൽമറ്റ് എന്നത് ഇവിടുത്തെ ജനങ്ങളുടെ ഡിഷ്ണറിയിൽ പോലുമില്ലെന്നുമായിരുന്നു ജയശങ്കറിന്റെ പരിഹാസം

കൊല്ലത്തുള്ളവർ ആരും ഹെൽമറ്റ് ധരിക്കാറില്ലെന്ന രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിന്റെ പരാമർശം വിവാദത്തിൽ. ആലപ്പുഴയിലെ ഹരിപ്പാട് കഴിഞ്ഞാൽ തിരുവനന്തപുരം അതിർത്തി വരെ ആരും ഹെൽമറ്റ് ധരിക്കാറില്ലെന്നും ഹെൽമറ്റ് എന്നത് ഇവിടുത്തെ ജനങ്ങളുടെ ഡിഷ്ണറിയിൽ പോലുമില്ലെന്നുമായിരുന്നു ജയശങ്കറിന്റെ പരിഹാസം. എന്നാൽ ഈ പരാമർശത്തിൽ വാസ്തവമുണ്ടോ? കൊല്ലത്തുകാർ ശരിക്കും ഹെൽമറ്റ് ധരിക്കാറില്ലേ? മനോരമ ന്യൂസ് പരിശോധിക്കുന്നു. Also Read: സ്വര്‍ണ വില വീണ്ടും താഴേക്ക്; കേരളത്തില്‍ വില 90,000ത്തിലേക്ക്? തന്ത്രം ഉപയോഗിച്ച് വാങ്ങാനിരിക്കുന്നവര്‍


കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ജയശങ്കറിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടത്. ഹരിപ്പാട് കഴിഞ്ഞാൽ തിരുവനന്തപുരം അതിർത്തി വരെ ഇരുചക്രവാഹന യാത്രക്കാരിൽ ആരും ഹെൽമറ്റ് ധരിക്കാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

എന്നാൽ ആലപ്പുഴ ജില്ലയുടെ അതിർത്തി പിന്നിട്ട് കൊല്ലത്തേക്ക് കടന്നാൽ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, കൊല്ലം, കൊട്ടിയം, പാരിപ്പള്ളി തുടങ്ങി നിരവധി പട്ടണങ്ങളുണ്ട്. ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജയശങ്കറിന്റെ പരാമർശം പൂർണമായും ശരിയാണെന്ന് പറയാനാകില്ല.

മറ്റ് ജില്ലകളിലെന്നപോലെ കൊല്ലത്തും ഹെൽമറ്റ് ധരിക്കുന്നവരും ധരിക്കാത്തവരുമുണ്ട്. നഗരപ്രദേശങ്ങളിൽ പൊലീസിന്റെയും എ.ഐ ക്യാമറകളുടെയും നിരീക്ഷണം ഭയന്ന് ഭൂരിഭാഗം ഇരുചക്രവാഹന യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്നത് യാഥാർഥ്യമാണ്.

ദേശീയപാതയുടെ നിർമാണം നടന്നിരുന്ന കാലത്ത് അഡ്വ. എ. ജയശങ്കർ ഇതുവഴി യാത്ര ചെയ്തിട്ടുണ്ടാകാമെന്നും അന്ന് എ.ഐ ക്യാമറകളുടെ നിരീക്ഷണം ഇല്ലാതിരുന്നതിനാൽ ഹെൽമറ്റ് ധരിക്കാത്തവരെ കൂടുതലായി കണ്ടിട്ടുണ്ടാകാമെന്നുമാണ് ഉയരുന്ന നിരീക്ഷണം. അതായിരിക്കാം ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ കൊല്ലം ജില്ലയിലുള്ളവരെ ഒന്നടങ്കം ഹെൽമറ്റ് ധരിക്കാത്തവരായി ചിത്രീകരിക്കുന്നതിനോട് കൊല്ലത്തുകാർക്ക് യോജിപ്പില്ല. ഹെൽമറ്റ് ധരിക്കാത്തവർ കൊല്ലത്തുമുണ്ടാകാം. അതിന്റെ പേരിൽ ഒരു നാടിനെ മുഴുവൻ അടച്ചാക്ഷേപിക്കേണ്ടതില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

ENGLISH SUMMARY:

Political commentator Adv. A. Jayashankar's remark that people in Kollam rarely wear helmets has triggered controversy. A Manorama News report examines the claim, noting that helmet usage is common in urban areas due to police enforcement and AI cameras, although compliance appears lower in rural areas. Residents object to the generalisation that an entire district ignores helmet rules. The controversy highlights the importance of helmet use and road safety.