കോഴിക്കോട് 48കാരന്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കി. വെള്ളിപ്പറമ്പ് സ്വദേശിയായ കോലക്കാട്ട് കൃഷ്ണനെ ആണ് ഏപ്രില്‍ ആറിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാങ്ങിയ 15,000 രൂപക്ക് പകരം മൂന്നര ലക്ഷം നല്‍കണമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ പ്രവിത മനോരമ ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ആക്ഷേപം.
വെള്ളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയയാണ് ഭീഷണിപ്പെടുത്തിയത്. നിരന്തരമായ ഭീഷണിയെ തുടർന്നാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. മരണത്തിന് ശേഷം ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും കുടുംബത്തിന് ശക്തമായ ആക്ഷേപമുണ്ട്.
ലോൺ ആപ്പുകളുടെയും ബ്ലേഡ് മാഫിയകളുടെയും ഭീഷണികൾ കാരണം സംസ്ഥാനത്ത് നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. ഈ സംഭവത്തിലും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.