യുഡിഎഫ് പാലക്കാട് മണ്ഡലത്തില്‍ ബിജെപി–സിപിഎം ഡീല്‍ ആരോപിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുസ്ലീം നാമധാരിയാതുകൊണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മണ്ഡലങ്ങളെ കുറിച്ചും പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഡീല്‍ ആരോപണം ഉന്നയിക്കുകയാണ് . നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും ഇങ്ങനെ പറയുമോ എന്നറിയില്ല. പാലക്കാട്ട് 1996ല്‍ എല്‍ഡിഎഫ് ജയിച്ചിരുന്നു. നൗഷാദായിരുന്നു അന്ന് സ്ഥാനാര്‍ഥി. ഇന്ന് പാലക്കാട്ടെ ഒരു പ്രധാനപ്പെട്ട പാര്‍ട്ടി നേതാവാണ് നൗഷാദ്. എങ്ങനെയാണ് അത് ബിജെപിയുമായുള്ള ഡീല്‍ ആയി മാറുകയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു
ബിജെപി സിപിഎം ബന്ധം സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണരൂപം.
യുഡിഎഫ് പാലക്കാട് മണ്ഡലത്തില്‍ ബിജെപി–സിപിഎം ഡീല്‍ ആരോപിക്കുകയാണ് . അത് വളരെ വിചിത്രമായ ഒരു കാര്യമാണ്. എല്ലാ മണ്ഡലങ്ങളെക്കുറിച്ചും ഇപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുകയാണ്. നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും ഇങ്ങനെ പറയുമോ എന്നറിയില്ല. എല്ലാ മണ്ഡലങ്ങളിലും ഡീല്‍ ആണെന്നാണ് പറയുന്നത്. പാലക്കാട് എന്താണ് ഇപ്പോള്‍ ഡീല്‍ എന്ന് പറയുന്നതിന്‍റെ അര്‍ഥം. ഒരു മുസ്‍ലീം നാമധാരിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നിട്ടുള്ളത്. അതുകൊണ്ടാണോ ഡീല്‍ എന്ന് പറയുന്നത്. അവിടെ 1996ല്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നു. ആരായിരുന്നു സ്ഥാനാര്‍ഥി? നൗഷാദ്. ഇന്ന് പാലക്കാട്ടെ ഒരു പ്രധാനപ്പെട്ട പാര്‍ട്ടി നേതാവാണ്. അദ്ദേഹവും മുസ്‍ലിം നാമധാരിയാണല്ലോ. എങ്ങനെയാണ് അത് ബിജെപിയുമായുള്ള ഡീല്‍ ആയി മാറുക? എന്ത് അസംബന്ധവും എഴുന്നള്ളിക്കാന്‍ ഒരു പ്രയാസവും ഇല്ല. അങ്ങനെ എഴുന്നള്ളിക്കുന്നത് എന്തിനാ? ഇതിന്‍റെ ഭാഗമായി നല്ലതുപോലെ കച്ചവടം നടത്താനാണ് ഉദ്ദേശം. ആരാണ് നേരത്തേ കച്ചവടം നടത്തിയത്?
Also Read: പത്ത് സീറ്റുകളില്‍ സിപിഎം–ബിജെപി ഡീല്‍; മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്: വി.ഡി
പാലക്കാട് മുന്‍പ് സഖാവ് എകെജി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായിരുന്നോ കോണ്‍ഗ്രസിന്? കോണ്‍ഗ്രസിനും ആര്‍എസ്എസിനുമെല്ലാം ഒരേ സ്ഥാനാര്‍ഥിയായിരുന്നില്ലേ? ആരായിരുന്നു? ആര്‍എസ്എസിന്‍റെ ജില്ലാ കാര്യവാഹ്. വേറെ സ്ഥാനാര്‍ഥിയുണ്ടായില്ല. അത്ര പച്ചയായി ആര്‍എസ്എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് പ്രതിപക്ഷനേതാവിന്‍റെ പാര്‍ട്ടി. ഒരു നാണവും ഉളുപ്പും ഇല്ലാതെ അതെല്ലാം ചെയ്യുന്നവരാണവര്‍. കേരളത്തില്‍ എന്തെല്ലാം അനുഭവമുണ്ട്. എല്ലാത്തിന്‍റെയും ലിസ്റ്റ് ഞാന്‍ അവതരിപ്പിക്കണോ?
ഓര്‍മയില്ലേ കോ–ലീ–ബിയുടെ കാര്യം? പട്ടാമ്പിയില്‍ ഇഎംഎസ് മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ് പറന്നിറങ്ങിയില്ലേ? അന്നത്തെ ജനസംഘത്തിന്‍റെ രാജ്യത്തെ ഏറ്റവും വലിയ നേതാവ് ഇഎംഎസിനെ പരാജയപ്പെടുത്താന്‍ വേണ്ടി പ്രചാരണം നടത്തിയില്ലേ? ജയിപ്പിക്കേണ്ടത് ആര്‍എസ്എസ് നേതാവിനെയല്ല. കോണ്‍ഗ്രസ് നേതാവിനെ ആയിരുന്നു. അത് കോണ്‍ഗ്രസിന്റെ കൂടി ആവശ്യപ്രകാരമല്ലേ വന്നത്? ഓര്‍മയില്ലേ ഇതൊക്കെ? എന്തെല്ലാം എന്തെല്ലാം...അതിനെല്ലാം ശേഷമല്ലേ കോ–ലീ–ബി സഖ്യം വന്നത്. കോ–ലീ–ബി സഖ്യം വടകരയിലും ബേപ്പൂരിലും കൃത്യമായ ധാരണയല്ലേ ഉണ്ടാക്കിയത്? ജയിപ്പിച്ചയക്കാമെന്നായിരുന്നില്ലേ ധാരണ? മറ്റെല്ലായിടവും പിന്തുണ നല്‍കുക, ഇവിടെ രണ്ടിടത്തും ജയിപ്പിച്ചുകൊടുക്കുക. അതായിരുന്നില്ലേ കരാര്‍? ആ കരാര്‍ പൊതുവേ അംഗീകരിക്കപ്പെട്ടതല്ലേ?
ആര്‍എസ്എസിന്‍റെയും ജനസംഘത്തിന്‍റെയും നേതാവായിരുന്ന കെ.ജി.മാരാര്‍ എഴുതിവച്ചില്ലേ കാര്യങ്ങള്‍? എന്തെല്ലാം നടപടികള്‍ ഇവിടെയുണ്ടായിട്ടുണ്ട്? വോട്ട് കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപിക്കകത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്? ഒരുഘട്ടത്തില്‍ കേരളത്തിലെ യുഡിഎഫിന്‍റെ മുഖ്യമന്ത്രിയോട് ആര്‍എസ്എസ് നേതാവ് പരസ്യമായി ചോദിച്ചത് ‘ആ കസേരയില്‍ ഇരിക്കുന്നത് 41 മണ്ഡലങ്ങളില്‍ ഞങ്ങള്‍ നല്‍കിയ പിന്തുണയുടെ ഭാഗമാണ് എന്ന് ഓര്‍മവേണം’ എന്നാണ്. അതല്ലേ കേരളം?
സമീപകാല അനുഭവം എടുത്താല്‍, നേമത്ത് എങ്ങനെയായിരുന്നു 2016ല്‍ നേമത്ത് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ജയിച്ചുവന്നത്? ബിജെപിയുടെ കരുത്ത് കൊണ്ടായിരുന്നോ? കോണ്‍ഗ്രസ് അല്ലേ സഹായിച്ചത്? അവിടെ കോണ്‍ഗ്രസിന്‍റെ വോട്ട് കാണാനുണ്ടായിരുന്നില്ല. പക്ഷേ മറ്റൊരു ഗുണം കാംക്ഷിച്ചിരുന്നു. അതിനടുത്തുള്ള ഒരു മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന് ജയിക്കണമായിരുന്നു. അവിടെ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് കാണാനില്ല. നേമത്ത് കോണ്‍ഗ്രസിന്‍റെ വോട്ടും കാണാനില്ല. ഫലം കേരളനിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വലിയ അഭിമാനം ബിജെപിക്ക്. ആരാണ് ഈ സ്ഥിതിയുണ്ടാക്കിയത്? ഈ പ്രതിപക്ഷനേതാവിന്‍റെ പാര്‍ട്ടിയല്ലേ? ആ കള്ളക്കളിയല്ലേ?
2021ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് വച്ചുതന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചു, ഇവിടെ ഈ അക്കൗണ്ട് പൂട്ടിക്കുമെന്ന്. പൂട്ടിച്ചല്ലോ. ശിവന്‍കുട്ടി അവിടെ തിരഞ്ഞെടുക്കപ്പെട്ടല്ലോ. ഇതെല്ലാം നമ്മുടെ കണ്‍മുന്നിലുള്ള വസ്തുതകളല്ലേ. അതാണ് നമ്മുടെ കണ്‍മുന്നിലെ യാഥാര്‍ഥ്യങ്ങള്‍. അടുത്തകാലത്തുണ്ടായ തൃശൂര്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്. എവിടെപ്പോയി കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വോട്ട്? തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പിലെ വോട്ട് യുഡിഎഫിന് ഇല്ലല്ലോ? വലിയ കുറവല്ലേ ഉണ്ടായത്? ഞങ്ങള്‍ ജയം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ജയിക്കാന്‍ പറ്റിയില്ല. പക്ഷേ കഴിഞ്ഞ കാലത്തെ വോട്ട് ഞങ്ങള്‍ക്ക് കുറഞ്ഞില്ലല്ലോ. എവിടെപ്പോയി കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വോട്ട്? എല്ലാ കാലത്തും ആര്‍എസ്എസുമായും ജനസംഘവുമായും ബിജെപിയുമായും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് അല്ലേ തയാറായിട്ടുള്ളത്.
ഇപ്പോള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ്. എല്ലായിടവും പരിശോധിച്ച് നോക്കൂ. എത്രയിടങ്ങളില്‍ ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് കാണാനുണ്ട്. ഭാരവാഹി തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടിന്‍റെ ഭാഗമായി ആ ഭാരവാഹികള്‍ തുടരുന്നത് എത്ര സ്ഥലങ്ങളില്‍ ഉണ്ട്. അങ്ങനെയെല്ലാം ചെയ്തവര്‍ ഇപ്പോഴും ചില വൃത്തികെട്ട കളികള്‍ ഉദ്ദേശിക്കുന്നുണ്ട്. ബിജെപിക്ക് ഏറ്റവും വലിയ ശത്രു സിപിഎമ്മും ഇടതുപക്ഷവുമാണ്. ത്രിപുരയില്‍ ബിജെപി ജയിച്ചപ്പോള്‍ – ത്രിപുരയില്‍ ബിജെപിയുടെ ജയം എങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കോണ്‍ഗ്രസ് പൂര്‍ണമായി അങ്ങ് പോവുകയായിരുന്നില്ലേ. നിയമസഭാകക്ഷിയാകെ.’ പക്ഷേ ജയിച്ചപ്പോള്‍ നരേന്ദ്രമോദി തന്നെ പരസ്യമായി പറഞ്ഞത് ഇത് പ്രത്യയശാസ്ത്ര വിജയമാണെന്നാണ്. എന്താണ് കാരണം? ആര്‍എസ്എസ് മുസ്‍ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് ശത്രുക്കളായി കാണുന്നത്. ഇടതുപക്ഷത്തോട് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പാണ് അവര്‍ക്ക്
പലഘട്ടങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടുപോലം . ഇപ്പോഴും ഇവര്‍ ചിലത് ഉദ്ദേശിക്കുന്നുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപി കാണുന്നത് കോണ്‍ഗ്രസിനെ എപ്പോഴും അടിയോടെ വാരാം എന്നാണ്. എന്നാല്‍ ഇടതുപക്ഷത്തെയും എല്‍ഡിഎഫിനെയും അങ്ങനെ പെട്ടെന്ന് വാരാനാകില്ല. അപ്പോള്‍ നല്ലത് തല്‍ക്കാലം യൂഡിഎഫ് ജയിച്ചുവരട്ടെ. ആ സമീപനമമാണ് പലഘട്ടങ്ങളിലും ഉണ്ടായത്. 2021ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഇരുമെയ്യാണെങ്കിലും ഒരേ കരളായി നടക്കുകയായിരുന്നില്ലേ? കോണ്‍ഗ്രസും ബിജെപിയും ഒരേ മനസോടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കളിച്ച കളികള്‍ ഓര്‍മയില്ലേ. ആ കാലത്ത് വട്ടമിട്ട് പറന്ന കേന്ദ്ര ഏജന്‍സികള്‍വൃത്തികെട്ട രീതിയില്‍ എന്തെല്ലാം ആരോപണങ്ങള്‍ കെട്ടിച്ചമച്ചു. മറന്നുപോയോ ബിരിയാണിച്ചെമ്പൊക്കെ? ബിരിയാണിയിലൂടെ സ്വര്‍ണം വന്ന കഥകള്‍... എന്തെല്ലാം വൃത്തികേടുകളായിരുന്നു അന്ന് പ്രചരിപ്പിച്ചത്. അങ്ങനെ അവിശുദ്ധമായി കൂട്ടുകൂടാന്‍ തയാറാകുന്നവരുടെ അജന്‍ഡയില്‍ പലതും ഉണ്ടാകും. അതിന്‍റെ ഭാഗമായുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് ഈ ആരോപണങ്ങളെന്നും പിണറായി വിജയന്‍ പറഞ്ഞു.
പേരുപറയാതെ കെഎസി വേണുഗോപാലിനുമുണ്ടായിരുന്നും വിമര്‍ശനം, ഇവിടെ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതാവുണ്ടല്ലോ, അദ്ദേഹം ഇപ്പോള്‍ ലോക്സഭാംഗമാണല്ലോ. ലോക്സഭാംഗമാകുമ്പോള്‍ ബിജെപിക്ക് ചെയ്തുകൊടുത്ത ഉപകാരമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായിരുന്നു അദ്ദേഹം. അത് രാജിവച്ചാല്‍ അവിടെ ബിജെപി ആണ് ജയിച്ചുവരിക എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. രാജ്യസഭയില്‍ ബിജെപിക്ക് അംഗബലം അന്ന് കുറവുണ്ട്. രാജിവച്ചതോടെ അത് നികത്താന്‍ ബിജെപിക്ക് അവസരമൊരുങ്ങി. ഇതും ഒരുതരം ഡീല്‍ അല്ലേ. ഇങ്ങനെ പലതരത്തിലുള്ള ഡീലുകള്‍ ഉറപ്പിച്ച് ശീലമുള്ളവരാണ് കോണ്‍ഗ്രസ് . അവരാണ് എല്ലാ ഘട്ടത്തിലും ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷത്തിനും എല്‍ഡിഎഫിനും എതിരെ തീര്‍ത്തും കെട്ടിച്ചമച്ച ആരോപണം ഉന്നയിക്കുന്നത്. ഞങ്ങള്‍ ഒരു ഘട്ടത്തിലും ആര്‍എസ്എസുമായോ ബിജെപിയുമായോ ചേര്‍ന്നിട്ടില്ല. എല്ലാഘട്ടത്തിലും വിട്ടുവീഴ്ചയില്ലാതെ അതിനെ എതിര്‍ത്ത് പോവുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു