മസ്ലിംലീ​ഗിൽ നേരിടുന്ന അവഗണനയെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി ആഷിഖ ഖാനം. ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലീ​ഗിൽ നിന്ന് പുറത്തായെന്ന പ്രചാരണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിക്കൊണ്ടാണ് ആഷിഖ ഖാനം രം​ഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ടും ഇങ്ങളെ പാർട്ടി പുറത്താക്കിയതല്ലേ എന്ന ആളുകളുടെ പരിഹാസം ഇഷ്ടം പോലെ കേട്ടിട്ടുണ്ടെന്ന പറഞ്ഞുകൊണ്ടാണ് അവർ പോസ്റ്റ് ആരംഭിക്കുന്നത്. 

'കറിവേപ്പിന്റെ കമ്പ് പൊട്ടിച്ചാൽ പിന്നെയാ പൊട്ടിയ ഭാഗം രണ്ട് കമ്പായി തളിർക്കുമെന്ന ഒരു ജില്ലയിൽ ലീഗുകാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അധികാര കസേരകളിലൊക്കെ ഇരുന്നവരുടെ മക്കളുടെ ഉപമകളും, സിറ്റിംഗ് സീറ്റ് കൊടുത്തിട്ടും തോറ്റുവന്നവരുടെ ബാക്കിയുള്ളവരോടുള്ള അസൂയയും, ആകെയുള്ള 27സീറ്റിൽ ഒന്ന് കിട്ടാത്തതിന്റെ പേരിൽ നാല് തവണ മത്സരിക്കാൻ അവസരം കിട്ടിയവരുടെ മറ്റു പാർട്ടിക്കാരുമായുള്ള ചർച്ചകളുമൊക്കെ കാണുമ്പോൾ ഇത് പറയാതിരിക്കാൻ പറ്റുന്നില്ല!. 

ഞാൻ ആഷിഖ ഖാനം, എന്റെ പന്ത്രണ്ടാം വയസിൽ ഇടി മുഹമ്മദ് ബഷീർ സാഹിബിന് വേണ്ടിയുള്ള ഒരു പ്രസംഗത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തുന്നത്! അന്ന് മുതൽ ഇന്ന് വരെ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ലീഗ് രാഷ്ട്രീയം പറഞ്ഞ് ഇവിടെയുണ്ട്.

ഇതിനിടയിൽ മുസ്ലിം ലീഗ് രാഷ്ട്രീയം പ്രസംഗിച്ചുകൊണ്ട് കയറിയിറങ്ങിയ വേദികൾക്ക് കണക്കില്ല, അതൊരു ഭാരമാണെന്ന് ഇന്നേവരെ കരുതിയിട്ടുമില്ല. മറിച്ച്, ഏറ്റവും ആനന്ദത്തോടെ ചെയ്യുന്നൊരു കാര്യമാണിത്!. 

ആളുകൾ എന്നെ വിശേഷിപ്പിക്കാറ് മുൻ ഹരിത നേതാവ് എന്നാണ്, പക്ഷെ, ഞാനിന്ന് വരെ (ക്യാമ്പസ് യൂണിറ്റുകളൊഴിച്ച്) ഒരു നേതൃസ്ഥാനത്തുമിരുന്നിട്ടില്ല. എന്നാൽ ഹരിതയുടെ വളർച്ചയിൽ ഞാനുൾപ്പെടുന്ന ഒരു വലിയ പെൺകൂട്ടത്തിന്റെ എല്ലാ വിയർപ്പുമുണ്ടെന്ന് എനിക്കുറപ്പുണ്ട്! അന്നൊക്കെ ഞാൻ പങ്കെടുക്കാത്ത സമരങ്ങളില്ലായിരുന്നു, സമ്മേളനങ്ങളില്ലായിരുന്നു. 

എത്രയോ പരിപാടികൾ ഒരു ഔദ്യോഗിക സ്ഥാനത്തും ഇരിക്കാതെ അന്നത്തെ മണ്ഡലം, ജില്ല എംഎസ്എഫ് , ലീഗ് നേതാക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു! ഹരിത വിവാദം വന്നപ്പോൾ പക്ഷെ പാർട്ടിയുടെ പുറത്തായി. അത് നടക്കുന്നത് 2021ലാണ്!

5കൊല്ലം, ഇതിനിടക്ക് എല്ലാ പാർട്ടിയിൽ നിന്നും ആവശ്യത്തിലധികം ഓഫറുകൾ ഉണ്ടായിട്ടുണ്ട്!. നിരവധി എംഎൽഎമാരും പല പാർട്ടികളുടെയും സംസ്ഥാന നേതൃത്വവും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലരും വീട്ടിൽ വന്ന് മണിക്കൂറുകളോളം ആ തീരുമാനത്തിലൂടെയുണ്ടാകാൻ പോകുന്ന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അവസാനം നിരാശയോടെ തിരിച്ചുപോയിട്ടുണ്ട്. 

മുസ്ലിം ലീഗ് വേദികളിൽ, ഇപ്പോഴും പ്രസംഗിക്കാൻ ആളുകൾ വിളിക്കും, ആഴ്ചകൾക്ക് മുൻപേയൊക്കെ ഡേറ്റ് വാങ്ങിയിട്ടുണ്ടാവും. നമ്മളാണെങ്കിൽ അതിന്റെ ഷെഡ്യൂൾ അനുസരിച്ച് നമ്മളെ പ്ലാനൊക്കെ അതിനനുസരിച്ച് മാറ്റിയിട്ടുണ്ടാവും. എന്നാൽ, പ്രോഗ്രാമിന്റെ അന്ന് രാവിലെയോ, പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപോ അതൊരു ക്യാൻസലാവലാണ്. ഇങ്ങളെ വിളിക്കുന്നതിൽ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റിക്ക് എതിർപ്പുണ്ട്, എന്നൊക്കെയാവും കാരണങ്ങൾ പറയുക!. നമ്മള് പാർട്ടിക്കെതിരെ സംസാരിച്ചവരാണ് എന്നാണല്ലോ ആളുകളുടെ വെപ്പ്. 

തഹിലിയത്തയും മുഫിത്തയും നജ്മത്തയും എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും പല നേതാക്കന്മാരും  ഉള്ളിലേക്ക് കയറുന്നതിനെ കുറിച്ചും,

അവര് നേതൃത്വവുമായി സംസാരിക്കാമെന്നുമൊക്കെ ആവോളം പറയാറുണ്ട്, ഞാൻ തന്നെയാണ് വേണ്ടെന്ന്‌ പറഞ്ഞ് മുടക്കാറ്!. 

അത് ആഗ്രഹമില്ലായിട്ടാണെന്ന് പറഞ്ഞാൽ ഒരു കളവായിപ്പോകും. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് ഇരിക്കാനൊക്കെ ഏതൊരു പാർട്ടി പ്രവർത്തകരും തുറന്ന് പറഞ്ഞില്ലെങ്കിൽ പോലും അവരെയുള്ളിൽ ഒരു മോഹമൊക്കെ ഉണ്ടാകുമെന്ന് നിങ്ങൾക്കും ചിന്തിക്കാമല്ലോ!. 

ഏറ്റവുമൊടുവിൽ പഞ്ചായത്ത് ഇലക്ഷനിൽ സ്ഥാനാർത്ഥിയാകാൻ വേണ്ടി നാട്ടിലെ മുസ്ലീം ലീഗ് നേത്രത്വം സമീപിച്ചിരുന്നു. എന്നെ പാർട്ടി വേദികളിൽ കാണുമ്പോൾ എന്റെ മുന്നിൽ വെച്ച് സദസിനോട്  മുസ്ലീം ലീഗിന്റെ പ്രഭാഷണ വേദിയിലെ പെൺപുലി എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നാട്ടിലെ ഒരു സോ കോൾഡ് നേതാവാണ് അവള് പാർട്ടിക്കെതിരെ സംസാരിച്ചതല്ലേ എന്ന് പറഞ്ഞ് അത് മുടക്കിയത് എന്ന് അറിയാൻ കഴിഞ്ഞിരുന്നു. ഇലക്ഷന് നിൽക്കൽ പിന്നെ എൻറെ അജണ്ടയിലില്ലാത്ത കാര്യമായതോണ്ട് അതിൽ പിന്നെയെനിക്ക് Who cares മൂടായിരുന്നു!

പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ, ഇന്നുവരെ ഒരു ഔദ്യോഗിക സ്ഥാനത്തേക്കും പാർട്ടി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ടും ഇങ്ങളെ പാർട്ടി പുറത്താക്കിയതല്ലേ എന്ന ആളുകളുടെ പരിഹാസം ഇഷ്ടം പോലെ കേട്ടിട്ടുണ്ട്.!

പക്ഷേ, ഒരു നിമിഷം പോലും ഈ പാർട്ടി വിട്ടുപോകുന്നത് ചിന്തിച്ചിട്ടില്ല. പൊളിറ്റിക്കൽ കരിയർ കളയണോ എന്ന് എൻറെ ഉപ്പ വരെ എന്നോട് ചോദിക്കാറുണ്ട്. വാപ്പച്ചിക്ക് തോന്നുന്നുണ്ടോ ഈ ലീഗല്ലാത്ത ഒരു പാർട്ടിയെ കുറിച്ച് എനിക്ക് ചിന്തിക്കാനെങ്കിലും കഴിയുമെന്ന് എന്ന് മാത്രമാണ് തിരിച്ചു ചോദിക്കാറ്!. ഇപ്പോഴും ലീഗിന്റെ ഒരു പാട്ട് കേട്ടാൽ, കുറച്ച് കൊടികളൊരുമിച്ച് പാറുന്നത് കണ്ടാൽ കണ്ണ് നിറയും!. അത് ഈ പാർട്ടി ഒന്നും തന്നതിന്റെ പേരിലല്ല, പക്ഷേ, ഈ പാർട്ടിയോടുള്ള അങ്ങേയറ്റത്തെ സ്നേഹം കൊണ്ടാണ്....

ഇത് പറയണമെന്ന് കരുതിയതല്ല, പക്ഷേ അധികാര കസേരകളെല്ലാം കിട്ടിയിട്ടും ഇനിയും ആർത്തി തീരാത്തവരുടെ മുന്നിൽ ഇത്രകാലവും പാർട്ടിക്ക് വേണ്ടി പ്രസംഗിച്ചു നടന്നിട്ട് പാർട്ടി എനിക്കെന്താണ് തിരിച്ചുതന്നത് എന്ന് നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ. 

അതിലൊരു പരാതിയുമില്ല, അതിന്റെ പേരിലൊട്ട് ഈ പ്രസ്ഥാനത്തോടുള്ള സ്നേഹം കുറയുന്നുമില്ല! അനീതികൾക്കെതിരെ ശബ്ദിച്ചുകൊണ്ട്,

തെറ്റുകൾക്കെതിരെ സംസാരിച്ചുകൊണ്ട്, രാഷ്ട്രീയക്കാരിയായി, മുസ്ലിം ലീഗുകാരിയായി, ഈ മണ്ണിലുണ്ടാകും!. അവസാനം പച്ചപ്പതാകയും പുതച്ച് യാത്രയാകുന്ന ദിവസം വരെ'. - ആഷിഖ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Aashiq Khana's Facebook post addresses the alleged neglect she faces within the Muslim League. She details her experiences with political offers and the frustration of being sidelined despite her dedication to the party.