വിജയ്‍ സര്‍ക്കാറില്‍ ചേരാനുള്ള മുസ്‍ലിം ലീഗ്, വിസികെ പാര്‍ട്ടികളുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ നേതാവ് ഡി. രാജ. മുന്‍ സഖ്യകക്ഷികളായ ലീഗും വിസികെയും മന്ത്രിസഭയില്‍ ചേര്‍ന്നതിനെയാണ് രാജ വിമര്‍ശിച്ചത്. ഡി.എം.കെയുടെ ബിജെപി ചരിത്രം ഓര്‍മിപ്പിച്ച് വിസികെ തിരിച്ചടിച്ചു. എന്നാല്‍ ലീഗിനെയും വിസികെയെയും വിമര്‍ശിക്കരുതെന്ന് പാര്‍ട്ടി അണികളോട് എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.
അയല്‍ക്കാരന്‍റെ വീട്ടിലേക്ക് വളഞ്ഞ തെങ്ങ് എന്നായിരുന്നു മന്ത്രിസഭയില്‍ ചേരാനുള്ള പാര്‍ട്ടികളുടെ തീരുമാനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.രാജ പരിഹസിച്ചത്. തന്‍റെ പറമ്പിലെ തെങ്ങ് വളഞ്ഞ് അയല്‍ക്കാരന് തേങ്ങ നല്‍കിയാല്‍ ഇത്തരം രാഷ്ട്രീയത്തെ എന്തു വിളിക്കും എന്നാണ് രാജ ചോദിച്ചത്.
ആരുടെയും കാരുണ്യത്തിലല്ല വിജയിച്ചതെന്നും പാർട്ടിയുടെ വിയർപ്പും രക്തവും അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ വോട്ടും സഖ്യകക്ഷികളുടെ വിജയത്തിന് സഹായിച്ചെന്നും വിസികെ തിരിച്ചടിച്ചു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ സംഘപരിവാറുമായി സഖ്യമുണ്ടാക്കിയത് ആരുടെ ചരിത്രമാണെന്നും വാജ്‌പേയി മന്ത്രിസഭയുടെ ഭാഗമായിരുന്നവർ പിന്നീട് അതേ ബിജെപിയെ എതിർത്തത് ആരുടെ 'സ്വാർത്ഥത'യാണെന്നും വിസികെ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു
എന്നാല്‍ ആരെയും വേദനിപ്പിക്കുന്ന തരത്തിൽ വാക്കുകൾ ഉപയോഗിക്കരുതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഓരോ പാർട്ടിക്കും അവരുടേതായ രാഷ്ട്രീയ ഗതി തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ഒരു പാർട്ടിയുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ പരുഷമായ വാക്കുകൾ ഉപയോഗിക്കരുതെന്നുമാണ് സ്റ്റാലിന്‍റെ അഭ്യര്‍ഥന. നല്ലതിനെ വിലമതിക്കുകയും അല്ലാത്തതിനെ വിമർശിക്കുകയും ചെയ്യുന്ന പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നുമാണ് സ്റ്റാലിന്‍റെ നിര്‍ദ്ദേശം.
ഡിഎംകെ സഖ്യത്തില്‍ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച എം.ഡി.എം.കെ, മനിതനേയ മക്കൾ കക്ഷി എന്നീ പാർട്ടികൾ മാത്രമാണ് ഇപ്പോഴും തുടരുന്നത്. അതേസമയം, വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഐയും സിപിഎമ്മും മന്ത്രിസഭയില്‍ ചേര്‍ന്നിട്ടില്ല.