ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. പോറ്റിയേ കേറ്റിയേ പാരഡി പാട്ടും സഭയില്‍ ഉയര്‍ത്തി. അതിനിടെ സ്വര്‍ണം കട്ടത്, കോണ്‍ഗ്രസ് ആണേ എന്ന് മുദ്രാവാക്യം ഉയര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയും എംഎല്‍എമാരും രംഗത്ത് എത്തി. പ്രതിഷേധം വകവയ്ക്കാതെ സഭാനടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയി. ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ രാജി വയ്ക്കാതെ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് മറുപടിയുമായി എത്തി. പ്രതിപക്ഷത്തിന് ഭയമാണെന്നും അടിയന്തരപ്രമേയം കൊണ്ടുവരാന്‍ ധൈര്യമില്ലേയെന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ച സഭ ചേരും.
പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശ് എംപിയോട് ചോദിക്കണമെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും മന്ത്രിഎം ബി രാജേഷ് പറഞ്ഞു. യഥാർഥ പ്രതികൾ അകപ്പെടുന്ന ദിവസം പാടാൻ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. ‘സ്വർണ്ണം കട്ടത് ആരപ്പാ..കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടിയായിരുന്നു ഭരണപക്ഷം പ്രതിരോധിച്ചത്.
സോണിയ ഗാന്ധിക്കെതിരെ വി.ശിവന്‍കുട്ടി നിയമസഭയില്‍ രംഗത്തെത്തി. സോണിയ ഗാന്ധിയെ ചോദ്യംചെയ്ത് അറസ്റ്റ് ചെയ്യണം. സോണിയ ഗാന്ധിയുടെ കയ്യില്‍ പോറ്റി സ്വര്‍ണം കെട്ടിയെന്നും സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ടെന്നും വീട് റെയ്ഡ് ചെയ്യണമെന്നും ശിവന്‍കുട്ടി ആരോപിച്ചു. പോറ്റി എങ്ങനെ സോണിയയുടെ വീട്ടില്‍ കയറിയെന്ന് മന്ത്രി വീണ ജോര്‍ജ് ചോദിച്ചു. സാധാരണ കോണ്‍ഗ്രസുകാരന് അവിടെ കയറാനാകുമോയോന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് പോക്കറ്റടിക്കാരനെപ്പോലെയാണെന്ന് ടി.പി.രാമകൃഷ്ണന്‍ ആരോപിച്ചു.