കണ്ണൂര്‍ പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനി അയോന മോണ്‍സണ്‍ (17) നാലു പേര്‍ക്ക് പുതുജീവിതം നല്‍കും. ഇരു വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്തു. അവയവങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവടങ്ങളിലെ ആശുപത്രികള്‍ക്ക് കൈമാറി.
ഇന്ന് പുലര്‍ച്ചെയോടെ അയോണയുടെ വൃക്കകളും, കരളും കണ്ണിലെ കോര്‍ണിയയും പുറത്തെടുത്തു. വൃക്കകളില്‍ ഒന്ന് കോഴിക്കോട്ടേക്കും, മറ്റൊന്ന് തിരുവനന്തപുരത്തേക്കും, കരള്‍ കോഴിക്കോട്ടുതന്നെ മറ്റൊരാശുപത്രിയിലും ചികില്‍സ തേടുന്നവര്‍ക്കായി മാറ്റി. കോര്‍ണിയകള്‍ രണ്ടും തലശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വിമാനമാര്‍ഗമാണ് രാവിലെ 10.40 ന് തിരുവനന്തപുരത്തേക്ക് വൃക്കയെത്തിച്ചത്.
Also Read: കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
പതിനേഴുകാരിയായ അയോണയുടെ മൃതദേഹം നാളെ കണ്ണൂര്‍ തിരൂര്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയിലാണ് സംസ്കാരിക്കുക. അമ്മ വിദേശത്തേക്ക് പോകുന്നതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പഠനത്തിലുള്‍പ്പെടെ മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെന്ന് സ്കൂള്‍ അധികൃതരും പറഞ്ഞു. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അയോണ.
തിങ്കളാഴ്ചയാണ് സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത് . ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ബോധമുണ്ടായിരുന്നു. പെണ്‍കുട്ടി സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ പിന്നീട് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയായിരുന്നു. ഇന്നലെ രാത്രി മസ്തിഷ്ക മരണം സംഭവിച്ചു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ഇത്രയും ദിവസം പിടിച്ചുനിര്‍ത്തിയത്.