ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൂട്ടാന്‍ പൊലീസ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൂന്ന് കേസിലും ഒരു മാസത്തിനകം അന്വേഷണവും പൂർത്തിയാക്കും. രാഹുല്‍ ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പൊലീസ് കസ്റ്റഡി അപേക്ഷയും ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അങ്ങനെയെങ്കില്‍ രാഹുലിന്റെ ജയില്‍വാസം നീണ്ടേക്കും. Also Read: ചെരിപ്പ് വാങ്ങാന്‍ 10,000 രൂപ; പാലക്കാട് ഫ്ലാറ്റ് വാങ്ങാന്‍ 1.14 കോടി; അതിജീവിതയോട് രാഹുലിന്റെ സാമ്പത്തിക ചൂഷണം .
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങിനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഈ ആഴ്ച അവസാനമായേക്കും. അതുവരെ ജയിലിലും പൊലീസിന്റെ കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും. കുറ്റകൃത്യം നടന്ന ഹോട്ടലിൽ സംഭവദിവസം രാഹുലും അതിജീവിതയും മുറിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചത് നിർണായക തെളിവായി. ഹോട്ടൽ റജിസ്റ്ററിൽ ഇരുവരുടെയും പേരുള്ളതാണ് പൊലീസിന് പ്രധാന തെളിവായത്.
രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന കാര്യം സംസ്ഥാനത്ത് തന്നെ ആകെ അറിഞ്ഞത് ആറുപേർ. ഷൊർണൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി ഒരു മണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കി. അതിനിടെ രാഹുലിനെ ഹോട്ടലിൽ നിന്നു കസ്റ്റഡിയിലെടുക്കുന്ന നിർണായക ദൃശ്യങ്ങൾ മനോരമന്യൂസ് പുറത്തുവിട്ടു. അർധരാത്രി 12.15 ന് കെപിഎം ഹോട്ടലിൽ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം രാഹുലിന്റെ റൂമിലെത്തി സംസാരിക്കുന്നതും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് രാഹുലിനെ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയും, എഡിജിപിയും ഡി ഐ ജി പൂങ്കുഴലിയും, പാലക്കാട്, പത്തനംതിട്ട പൊലീസ് മേധാവിമാരും മാത്രമാണ് നടപടിയെ പറ്റി നേരത്തെ അറിഞ്ഞിരുന്നത്. ദൗത്യത്തിനു ഡിവൈഎസ്പി മുരളീധരനെ ചുമതലപ്പെടുത്തിയത് രാത്രി 11നാണ്. ഉടൻ ഉത്തരവിറക്കി നടപടി തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ പോലും ദൗത്യത്തെ പറ്റി അറിയിച്ചത് അവസാന നിമിഷം.
ആദ്യ കേസിൽ എസ്‌ഐടിയെ വട്ടം കറക്കി ഒടുവിൽ രാഹുൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തതിന്റെ പേര്ദോഷം മുന്നിലുണ്ട്. അത് കൂടി കണക്കിലെടുത്തായിരുന്നു നീക്കം. കേസിന്റെ തുടർ നടപടികളും വേഗത്തിലാക്കാനാകും ശ്രമം. ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. നെന്മാറ ഇരട്ടക്കൊലയിൽ ചെന്താമരക്കെതിരെ റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന്റെ ക്രെഡിറ്റുള്ളയാളാണ് ഡി.വൈ.എസ്.പി മുരളീധരൻ.