rahul-third-case

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന പരാതിയില്‍ സാമ്പത്തിക ചൂഷണത്തിന്‍റെ വിവരങ്ങള്‍ പുറത്ത്. അതിജീവിതയില്‍ നിന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക തട്ടിയതായാണ് മൊഴി. ചെരുപ്പ് വാങ്ങാന്‍ 10,000 രൂപയും ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 10,000 രൂപയും വാങ്ങിയെന്നാണ് അതിജീവിതയുടെ മൊഴി. ചൂരല്‍മല ഫണ്ടിലേക്ക് അതിജീവിത 5000 രൂപ നല്‍കി. എം.എല്‍.എ ആയ ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാന്‍ 1.14 കോടി ആവശ്യപ്പെട്ടെന്നും അതിജീവിത മൊഴി നല്‍കി. 

വാച്ച്, ഷാംപു, കണ്ടിഷണര്‍, സണ്‍ സ്ക്രീന്‍ എന്നിവ വാങ്ങിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. കൂടുതല്‍ സമയവും പുറത്ത് യാത്രചെയ്യുന്നത് കൊണ്ട് സണ്‍ സ്ക്രീന്‍ ഉപയോഗിക്കണമെന്നും ബ്രാന്‍‍ഡ് നിര്‍ദ്ദേശിക്കണമെന്നും യുവതിയോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായും അതിജീവിതയുടെ മൊഴിയിലുണ്ട്. രാഹുല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ബ്ലൂകളര്‍ ഫോസില്‍ വാച്ച് വാങ്ങി നല്‍കിയെന്നും ഷാംപുവും കണ്ടിഷണറും സണ്‍ സ്ക്രീനും രാഹുലിന്റെ വീട്ടിലെ മേല്‍വിലാസത്തിലേക്ക് അയച്ചുകൊടുത്തു എന്നും യുവതി മൊഴി നല്‍കി. 

2024 വിഷു വിന് മെസേജ് അയച്ച് ചെരുപ്പ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനായി 10,000 രൂപ അയച്ചു കൊടുത്തു. ചൂരല്‍മയിലെ ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി നടന്ന ലക്കി ഡ്രോയിലേക്ക് 5000 രൂപ നല്‍കി. ഫെനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാന്‍ പോലും പൈസയില്ലെന്നും നട്ടം തിരികുയാണെന്നും ഫെനി പറഞ്ഞു. ഇതനുസരിച്ച് 10,000 രൂപ രാഹുലിന്‍റെ അക്കൗണ്ടിലേക്ക് അയച്ചു. പാലക്കാട് എംഎല്‍എ ആയ സമയത്ത് 1.14 കോടി രൂപ ആവശ്യപ്പെട്ടെന്നും യുവതി മൊഴി നല്‍കി. 

ENGLISH SUMMARY:

Rahul Mamkootathil is facing new allegations of financial exploitation in addition to existing sexual assault complaints. The victim claims that Rahul extorted money from her under various pretexts, including funds for footwear, by-elections, and a flat purchase after becoming an MLA.