സി.പി.എമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. എം.വി. ഗോവിന്ദന്‍ അധിക്ഷേപിച്ച കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഗൗനിക്കാത്തതില്‍ കടുത്ത അമര്‍ഷം സുധാകരനുണ്ട്. അഞ്ചുവര്‍ഷം മുമ്പ് തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തപ്പോള്‍ തുടങ്ങിയ സുധാകരന്‍റെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്.
സി.പി.എമ്മില്‍ നിന്ന് പുറത്തുപോയാല്‍ ജി.സുധാകരന്‍റെ രാഷ്ട്രീയഭാവിയെന്ത്? ഈ ചോദ്യം നല്‍കുന്ന രാഷ്ട്രീയ സാധ്യതകളിലാണ് കോണ്‍ഗ്രസിന്‍റെ കണ്ണ്. 1977ല്‍ കെ.എസ്.യു, ഡി.എസ്.യു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് രക്തസാക്ഷിയായ ജി. ഭുവനേശ്വരന്‍റെ സഹോദരന്‍ കൂടിയായ ജി. സുധാകരന് സ്വീകാര്യമാകുന്ന വഴിയാണ് കോണ്‍ഗ്രസ് തേടുന്നത്. അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന സാധ്യത കോണ്‍ഗ്രസിന് മുന്നിലുണ്ട്. Also Read: എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകും; സീറ്റ് വിഭജനത്തിൽ ചർച്ച തുടരുന്നു
രണ്ടു ടേം നിബന്ധനയുടെ ചങ്ങലയില്ലാത്തതിനാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജി.സുധാകരന്‍. സുധാകരന് മത്സരക്കാന്‍ താല്‍പര്യമുണ്ടെന്ന് സ്ഥാനാര്‍ഥിക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞപ്പോള്‍ വെട്ടിയത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു. അതിന്‍റെ അതൃപ്തിയിലിരിക്കവേയാണ് വാര്‍ത്താസമ്മേളനത്തിലെ എം.വി ഗോവിന്ദന്‍റെ ചിരി കാണുന്നത്.
അന്നു തന്നെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെ വിളിച്ച് ജി.സുധാകരന്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്നമുണ്ടാക്കരുതെന്ന ബേബിയുടെ അഭ്യര്‍ഥന ഫലം കണ്ടില്ലെന്നാണ് ഇന്നത്തെ പരസ്യപ്രതികരണം വ്യക്തമാക്കുന്നത്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ തുടര്‍ച്ചയായി തന്നെ അവഗണിക്കുന്നെന്നാണ് സുധാകരന്‍റെ വികാരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയുടെ പേരിലുണ്ടായ പാര്‍ട്ടി നടപടി, പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്, പുന്നപ്ര വയലാര്‍ അനുസ്മരണം ഉള്‍പ്പടെയുള്ള പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കിയത്, തന്‍റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനത്തിന് പോലും ക്ഷണിക്കാത്തത് തുടങ്ങി സുധാകരന്‍ നിരത്തുന്ന കുറ്റപത്രം നീളുന്നു. ആലപ്പുഴയിലെ സുധാകരന്‍റെ മുഖ്യ എതിരാളിയായ മന്ത്രി സജി ചെറിയാന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
മെമ്പര്‍ഷിപ്പ് പുതുക്കിയില്ലെങ്കിലും സുധാകരന് അനുഭാവിയായി തുടരാമെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞത്. പ്രശ്നം മുന്നണിയെ ബാധിക്കില്ല. എന്നാല്‍ ജി.സുധാകരന്‍റെ ചെയ്തിയിലെ അതൃപ്തി മന്ത്രി വി. ശിവന്‍കുട്ടി തുറന്നടിച്ചു.