കല്ല്യാണത്തിന് ഒരാഴ്ച മുമ്പ് വരനും വധുവിനും പരീക്ഷയില്‍ ഒന്നാം റാങ്ക്. ഡല്‍ഹി എയിംസ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ ഡോ. ജിത്തു ഡൊമിനിക്കും, ഡോ. ഷെറിന്‍ ജോസുമാണ് പുതുജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന വേളയില്‍ തിളങ്ങുന്നത്. കല്ല്യാണത്തിനൊപ്പം റാങ്ക് കൂടിയായപ്പോള്‍ കണ്ണൂരിലെയും കാസര്‍കോട്ടേയും രണ്ടു വീടുകളില്‍ സന്തോഷത്തിന് ഇരട്ടിമധുരമാണ്.
കണ്ണൂര്‍ പള്ളിക്കുന്നിലെ ഷെറിന്‍റെയും കാസര്‍കോട് ചിറ്റാരിക്കലിലെ ജിത്തുവിന്‍റെയും വീടുകളില്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. നാളെ മനസമ്മതം നടക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിത റാങ്ക് നേട്ടം. ആഗ്രഹിച്ച പോലൊരു വിവാഹ ജീവിതത്തിനരികെ സ്വപ്നം പോലൊരു വിജയം. മിനിമല്‍ ആക്സസ് സര്‍ജറി കോഴ്സിലാണ് ഡോ. ജിത്തുവിന്‍റെ റാങ്ക്. ഷെറിന് പ്ലാസ്റ്റിക് സര്‍ജറിയിലും.
ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ട ഷെറിനും ജിത്തുവും വിവാഹിതരാകാന്‍ തീരുമാനിച്ചത് ജൂണിലാണ്. പിന്നീട് പഠനവും തയ്യാറെടുപ്പുമെല്ലാം ഒരു മനസോടെ. വീഡിയോ കോളിലൂടെ സ്നേഹത്തിനൊപ്പം അവര്‍ പാഠഭാഗങ്ങളും പങ്കിട്ടു. റാങ്കിന്‍റെ പ്രണയത്തിളക്കവുമായി ജീവിതപരീക്ഷയിലേക്കാണ് ഈ പ്രതിശ്രുത വധുവും വരനും കടക്കുന്നത്. നാളെ മനസമ്മതം കഴിഞ്ഞാല്‍ ജനുവരി മൂന്നിന് മിന്നുകെട്ട്. പിന്നെ ഒരു മെയ്യായി ഒരു മനസായി ജീവിതയാത്ര.