ഫെബ്രുവരി 26ന് വിവാഹിതരാകുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും രണ്ട് വ്യത്യസ്ത വിവാഹച്ചടങ്ങുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വേരുകള്‍ക്ക് ബഹുമാനം നല്‍കിയാണ് രണ്ട് പരമ്പരാഗത ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിന് വേണ്ടി പരമ്പരാഗത തെലുങ്ക് വിവാഹവും രശ്മിക മന്ദാനയുടെ കുടുംബത്തിനായി കൂർഗ് (കൊടവ) വിവാഹവും ആണ് നടത്തുക.
അതാത് പൈതൃകം ബഹുമാനിച്ചുകൊണ്ടുതന്നെ രണ്ട് സംസ്കാരങ്ങളുടെ മനോഹരമായ ഇഴുകിച്ചേരലായിരിക്കും താരവിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉച്ചകഴിഞ്ഞ് ഹല്‍ദി ചടങ്ങുണ്ടാകും. വൈകുന്നേരം 7 മുതൽ 8 വരെയാകും മെഹന്തി. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകുന്നേരമാണ് സംഗീത് ചടങ്ങ് നടന്നത്. 'വിരോഷ് പ്രീമിയർ ലീഗ്' എന്ന് പേരിട്ട ‘സംഗീതി’ന് വധൂവരന്‍മാരുടെ സംഘം തമ്മില്‍ കൗതുക മല്‍സരവും അരങ്ങേറിയിരുന്നു. വിജയ്, രശ്മിക എന്നീ പേരുകള്‍ ചേര്‍ത്തുവെച്ച് ‘വിരോഷ് വെഡ്ഡിങ്’ എന്നാണ് താരവിവാഹത്തിന് പേരിട്ടിരിക്കുന്നത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും വ്യവസായ സഹപ്രവർത്തകരും ഉൾപ്പെടെ 100 ഓളം അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഉദയ്പൂരിലെ പ്രശസ്തമായ 'മെമെന്‍റ്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹത്തിന് സിനിമാ മേഖലയിൽ നിന്നും സംവിധായകരായ സന്ദീപ് റെഡ്ഡി വംഗ, രാഹുൽ രവീന്ദ്രൻ, തരുൺ ഭാസ്‌ക്കർ, അഭിനേതാക്കളായ ഈഷ റെബ്ബ, ആഷിക രംഗനാഥ്, സ്റ്റൈലിസ്റ്റ് ശ്രവ്യ വർമ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ട്. പ്രധാനമന്ത്രി നരേന്ദമോദി താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചു.