നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയും. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിഴ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്കും പിഴ ഒരു ലക്ഷം വീതമാണ്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കേണ്ടി വരും.
എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നിലവില്‍ പ്രതികള്‍ അനുഭവിച്ച തടവ് കാലയളവ് ഇളവുചെയ്യും. അതിജീവിതയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സ്വര്‍ണമോതിരം അതിജീവിതയ്ക്ക് തിരികെ നല്‍കണം. പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സൂക്ഷിക്കണം. അപ്പീല്‍ കാലാവധി കഴിയും വരെ സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശം
അതേസമയം , വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്നു പ്രോസിക്യൂട്ടര്‍ അഡ്വ.വി. അജകുമാര്‍ കുറ്റപ്പെടുത്തി. ശിക്ഷയില്‍ നിരാശയുണ്ട്. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പരിപൂര്‍ണ നീതികിട്ടിയില്ല. നീതി മേല്‍ക്കോടതിയില്‍ നിന്ന് ലഭിക്കും. ശിക്ഷ ഔദാര്യമല്ലെന്നും വിചാരണക്കോടതിക്കെതിരെ വിമര്‍ശനം.
സെന്‍സേഷണല്‍ കേസാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ശിക്ഷയില്‍ സെന്‍സേഷന്‍ ബാധിക്കാനാവില്ല. സ്ത്രീയുടെ അന്തസ് സംരക്ഷിക്കപ്പെടണമെന്നത് പരിഗണിച്ചെന്നും കോടതി വിശദീകരിച്ചു.
Also Read: പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; തനിക്ക് അമ്മ മാത്രമേയുള്ളൂവെന്ന് പള്‍സര്‍ സുനി; നാടകീയ രംഗങ്ങള്‍
ഒടുവില്‍ ആ വിധി
ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിനൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാംപ്രതി ബി.മണികണ്ഠന്‍, നാലാംപ്രതി വി.പി.വിജീഷ്, അഞ്ചാംപ്രതി വടിവാള്‍ സലിം.
തെളിഞ്ഞ കുറ്റങ്ങള്‍ 376 (D) – കൂട്ട ബലാല്‍സംഗം ( ഇരുപത് വര്‍ഷം കഠിനതടവ് മുതല്‍ ജീവപര്യന്തം തടവും പിഴയും വരെ )120 (B) – ക്രിമിനല്‍ ഗൂഡാലോചന, ക്രിമിനല്‍ ഗൂഡാലോചനയില്‍ പങ്കാളിത്തം – (കൂട്ടബലാല്‍സംഗത്തിനുള്ള അതേ ശിക്ഷ)357 – നിയമവിരുദ്ധമായി തടവിലാക്കല്‍ (പരമാവധി ഒരു വര്‍ഷം തടവുശിക്ഷയും പിഴയും)366 – തട്ടിക്കൊണ്ടുപോകല്‍ (പരമാവധി പത്ത് വര്‍ഷം തടവുശിക്ഷയും പിഴയും)342 – അന്യായമായി തടവില്‍ വെക്കല്‍–(ഒരു വര്‍ഷം തടവുശിക്ഷയും പിഴയും)354 – ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കല്‍ (ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും പിഴയും)354(B) – ക്രിമിനല്‍ ബലപ്രയോഗം, നഗ്നയാക്കല്‍, അതിന് നിര്‍ബന്ധിക്കല്‍ – (മൂന്നുമുതല്‍ ഏഴുവര്‍ഷം തടവുശിക്ഷയും പിഴയും)201 – തെളിവുനശിപ്പിക്കല്‍ (മൂന്നുവര്‍ഷം വരെ തടവും പിഴയും) ഐടി ആക്ട് 66(ഇ)–സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍ (മൂന്നു വര്‍ഷം വരെ തടവും രണ്ട് ലക്ഷം പിഴയും)67(എ)–ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചുവര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും).
.
ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് മാത്രമാണ് ബാധകം. സുനിയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. നടിയെ പീഡിപ്പിച്ചത് സുനി മാത്രമാണെങ്കിലും കുറ്റകൃത്യം നടക്കുമ്പോള്‍ മറ്റ് പ്രതികളുടെ സാന്നിധ്യവും അറിവും സഹായവും ഉണ്ടായിരുന്നു. ആസൂത്രണത്തിലും അവര്‍ക്ക് പങ്കുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെയും ബലാല്‍സംഗ കുറ്റം നിലനില്‍ക്കും. രണ്ടാം പ്രതി മാര്‍ട്ടിനെതിരെ തെളിവ് നശിപ്പിക്കല്‍ (201) കുറ്റം നിലനില്‍ക്കും. സുനിക്കെതിരെ സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്. നടിയെ ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം.