chennithala-sit

ശബരിമല സ്വര്‍ണക്കൊളളയില്‍ എസ്ഐടി സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ രമേശ് ചെന്നിത്തല. നാളെ വിവരങ്ങള്‍ കൈമാറുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ ശതകോടികള്‍ക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ചെന്നിത്തലയുമായി ബന്ധപ്പെട്ടത്. 

Also Read: ശബരിമല സ്വർണക്കൊള്ള: എ.പത്‌മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യ ചെയ്‌തു


ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. ശബരിമലക്കേസിന്റെ ഈ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണം.

ഇത്തരം പൗരാണിക സാധനങ്ങള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഏതാണ്ട് 500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയാറല്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്.  കോടതിയിൽ മൊഴി നൽകാനും തയാറാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ശബരിമല സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് രാജ്യാന്തര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ല - കത്തില്‍ പറയുന്നു.

ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വര്‍ണമോഷണ സംഘത്തിന്റെ രീതികള്‍ക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

സംസ്ഥാനത്തിനകത്തു തന്നെ ചില  വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം വ്യാപകമായ അന്വേഷണം നടത്തിയിട്ടും ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ സൂചിപ്പിക്കുന്നു.

ഈ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം തയാറാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്കു സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ENGLISH SUMMARY:

Sabarimala gold theft involves international connections. Ramesh Chennithala will provide a statement to the SIT regarding the case, suspecting connections to antique smuggling rings and an international black market.