ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ദ്വാരപാലകശില്‍പ സ്വര്‍ണപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍. ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍.വാസുവിനെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
കൊല്ലത്തു വെച്ചു ചോദ്യം ചെയ്ത പദ്മകുമാറിനെ അഞ്ചുമണിക്ക് തിരികെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ദ്വാരപാലക ശില്‍പ സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി നേരത്തെ കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വൈകുന്നേരം 5 മണിവരെയാണ് കസ്റ്റഡി അനുവദിച്ചത്. പത്മകുമാറിനെ രാവിലെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണ കവര്‍ച്ചാ കേസിലെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. അപേക്ഷയിലെ വാദം ഇന്നു പൂര്‍ത്തിയായി. എന്‍.വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വാസുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സുധീഷ്കുമാറിന്‍റെ ജാമ്യാപേക്ഷയിലും അടുത്ത തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.