ശബരിമലയിലെ യുവതീപ്രവേശത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. ആചാരം സംരക്ഷിക്കണമെന്നും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമുള്ള നിലപാട് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. മാര്‍ച്ച് 14നാണ് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുക. വിഷയത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും ആചാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ വ്യക്തമാക്കി. ഇങ്ങനെയല്ലാതെയൊരു നിലപാട് ദേവസ്വം ബോര്‍ഡിന് കൈക്കൊള്ളാന്‍ കഴിയുകയില്ലെന്നും സര്‍ക്കാര്‍ നിലപാട് സര്‍ക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തു. ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് തന്നെ ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും പരിരക്ഷിക്കുന്നതിനാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയില്‍ വിധിയെ എതിര്‍ക്കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. കാലാകാലങ്ങളായി അവിടെ നിലനിന്നിരുന്ന,സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നാതാണ് ബോര്‍ഡിന്‍റെ സുചിന്തിതമായ അഭിപ്രായം അത് സുപ്രീംകോടതിയെ മാര്‍ച്ച് 14ന് മുന്‍പ് അറിയിക്കും'- ജയകുമാര്‍ വ്യക്തമാക്കി.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാകും ഏപ്രില്‍ ഏഴിന് കേസ് പരിഗണിക്കു. ശബരിമലയുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
2019ലാണ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. നേരത്തേ യുവതീപ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നത്. എന്നാല്‍ ഈ നിലപാടില്‍ മാറ്റമുണ്ടായേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടേ സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മന്ത്രിസഭയാകും തീരുമാനിക്കുകയെന്നും ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത് അവരുടെ സ്വതന്ത്ര നിലപാടാണെന്നും ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. സ്വന്തം നിലപാട് കൈക്കൊള്ളാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.