സിനിമയില്‍ പോലും കേട്ടുപരിചയമില്ലാത്ത ക്രൂരത, ലൈംഗികാതിക്രമത്തിന് ക്വട്ടേഷന്‍! കേരളത്തെ ഞെട്ടിച്ച, മലയാള സിനിമയില്‍ പരിവര്‍ത്തിന് കാരണമായ നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, നടന്‍ ദിലീപ് എന്നിവരടക്കം അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം റോസാണ് വിധി പറയുക. 

Also Read: മലയാള സിനിമയെ രണ്ടായി പകുത്ത കേസ്; ദിലീപിന്റെ അറസ്റ്റ് വരെ, നിർണായക വഴിത്തിരിവുകൾ

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്.  പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയാണ്  കേസെടുത്തത്. 

ദിലീപ് പ്രതിയാകുന്നു

തുടക്കത്തില്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ ദിലീപിനെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പ്രതിചേര്‍ക്കുന്നത്. ഏപ്രില്‍ 20 തിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പെരുമ്പാവൂര്‍ സ്വദേശി പൾസർ സുനി, കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരായിരുന്നു പ്രതികള്‍. ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ദിലീപിനെ കേസിലെ എട്ടാം പ്രതിചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്. 

Also Read: ഒരു സംഘം ക്രിമിനലുകളില്‍ അവസാനിക്കുമായിരുന്ന കേസ്; അപ്രതീക്ഷിത ട്വിസ്റ്റിലൂടെ പ്രതി വിഐപിയായി, ദിലീപ് പ്രതിയായത് ഇങ്ങനെ

നീണ്ട കോടതി നടപടികള്‍ 

2018 മാർച്ച് എട്ടനാണ് കേസിലെ വിചാരണ നടപടികൾക്ക് ആരംഭിച്ചത്. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഹണി. എം.വർഗീസായിരുന്നു വിചാരണ കോടതി ജഡ്ജി. കേസിന്‍റെ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിച്ചെങ്കിവും വിചാരണ പലഘട്ടങ്ങളില്‍ തടസപ്പെട്ടു. 2019 മേയില്‍ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി പരിഗണിച്ച് സുപ്രീംകോടതി കേസിന്‍റെ വിചാരണ സ്റ്റേ ചെയ്തു. ഹര്‍ജി തീര്‍പ്പാക്കും വരെയായിരുന്നു സ്റ്റേ. 

2020 ജനുവരി ആറിന് പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു അടക്കമുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്തി. 30–ാം തീയതി സാക്ഷി വിസ്താരവും ആരംഭിച്ചു. ഇതിനിടെ നിലവിലെ വിചാരണക്കോടതിയിൽനിന്നും നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് കാണിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയെ തുടര്‍ന്ന് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേസ് നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാറും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. 

ബാലചന്ദ്രമേനോന്‍റെ വെളിപ്പെടുത്തല്‍ 

കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് 2022 ജനുവരി ആദ്യം. ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും  സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വിചാരണ നിര്‍ത്തിവെച്ച് കേസില്‍ തുടരന്വേഷണം നടത്തി. 

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് എട്ടാം പ്രതി ദിലീപും കൂട്ടാളികളും നടത്തിയതെന്നു കോടതിയിൽ ബോധിപ്പിച്ച ക്രൈംബ്രാഞ്ച്, ഇതനുസരിച്ചുള്ള ഇന്ത്യൻ ശിക്ഷാ നിയമ വകുപ്പുകൾ കൂട്ടിച്ചേർത്തു പുതിയ എഫ്ഐആർ സമർപ്പിച്ചു. തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർത്തു. അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന  ദിലീപിന്‍റെ ആവശ്യം വിചാരണ കോടതി തള്ളി.

മെമ്മറി കാര്‍ഡ് വിവാദം

കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നു എന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. 2023 ഡിസംബര്‍ ഏഴിന് മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവം ജില്ല ജഡ്ജി അന്വേഷിക്കാന്‍  ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു തവണ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. 

261 സാക്ഷികള്‍, 1700 രേഖകള്‍

നടൻ ദിലീപ് അടക്കം പത്തു പ്രതികള്‍ വിചാരണ നേരിട്ട കേസില്‍ 2025 ജനുവരി 23 നാണ് കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായത്. 2019 ലാണു വിചാരണ നടപടികൾ തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 

ENGLISH SUMMARY:

The Kerala actress assault case, which rocked Malayalam cinema, reaches its climax today as the Ernakulam Sessions Court pronounces the final verdict. All updates on Dileep, Pulsar Suni, and the historic judgement.