തമ്പാനൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ജീവനക്കാരിയായ ശരണ്യ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും പൊലീസും പറയുന്നത് പരസ്‌പര വിരുദ്ധമായ വാദങ്ങൾ. നേമം സ്വദേശി സലീഷിന്‍റെ ഭാര്യ ശരണ്യയാണ് (32) നെയ്യാർ ഡാം റിസർവോയറിൽ ചാടി മരിച്ചത്. ഭർത്താവിന്‍റെ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ജോലിസ്ഥലത്തെ മാനസിക സമ്മർദം മൂലമാണ് ഭാര്യ ജീവനൊടുക്കിയതെന്നാണ് ഭർത്താവ് സലീഷിന്‍റെ ആരോപണം.

വ്യാഴാഴ്ചയാണ് നെയ്യാർ ഡാമിലെ മണിമേടയ്ക്കടുത്തുള്ള സുരക്ഷാഭിത്തിയിലെത്തിയ സന്ദർശകരിൽ ചിലർ ശരണ്യയുടെ പേഴ്സും ചെരിപ്പും ഫോണും കണ്ടെത്തിയത്. അങ്ങനെയാണ് നെയ്യാർ ഡാം എ.ഇ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ ശരണ്യയുടെ ഫോണിലേക്ക് ഭർത്താവ് സലീഷിന്‍റെ വിളി വന്നത്.

താൻ ശരണ്യയുടെ ഭർത്താവാണെന്നും ഭാര്യ ഡാമിൽ ചാടുമെന്ന് പറഞ്ഞിരുന്നുവെന്നും സലീഷ് ഡാം എഇയെ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ വെള്ളായണിയിൽ പോയശേഷം നെയ്യാർ ഡാമിലെത്തിയ ശരണ്യ, തന്നെ വിളിച്ച് "ഞാൻ പോകുകയാണ്" എന്ന് പറഞ്ഞതായാണ് സലീഷിന്‍റെ മൊഴി. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷത്തിന് അടുത്തായി തമ്പാനൂർ ആർ.ടി ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ശരണ്യയ്ക്ക് കടുത്ത ജോലിഭാരം ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു.

ശരണ്യയെക്കൊണ്ടാണ് എല്ലാ പേപ്പർ വർക്കുകളും ചെയ്യിപ്പിക്കുന്നതെന്നും സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ നിരസിച്ചത് ശരണ്യയെ വിഷമത്തിലാക്കിയിരുന്നുവെന്നുമാണ് ഭർത്താവിന്‍റെ വാദം. മദ്യപിച്ചെത്തുന്ന സലീഷ് ശരണ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ക്രൂരമായ മർദ്ദനത്തിന് ശരണ്യ ഇരയായിരുന്നതായും പൊലീസ് സൂചിപ്പിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

ENGLISH SUMMARY:

The Thampanoor RTO suicide case involves conflicting statements from the husband and police regarding the death of Sharanya, an employee at the Thampanoor Regional Transport Office. Police preliminary findings suggest marital abuse drove her to suicide, while her husband claims workplace stress was the cause.