Image: X, @ndtv
സഹപ്രവര്‍ത്തകയെ ഓഫീസിനുള്ളില്‍വച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. യുവതിയുടെ മുന്‍ കാമുകനാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്.
തകര്‍ന്ന ബന്ധത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് യുവതിയുടെ ക്രൂരകൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹാരി എന്നറിയപ്പെടുന്ന ഹര്‍വീന്ദര്‍ മന്‍ ആണ് പ്രതി. ഡിംപിള്‍ എന്ന യുവതിയെ 20തവണ കുത്തിയതായാണ് ഓഫീസിലെ മറ്റു ജീവനക്കാര്‍ പറയുന്നത്. കൊലയ്ക്കു ശേഷം ഇയാള്‍ കഴുത്തില്‍ കുത്തി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഡിംപിളിന്റെ പുറകില്‍ വന്നാണ് ഹാരി ആദ്യം കുത്തിയത്. പിന്നാലെ എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച ഡിംപിളിനെ തലമുടി പിടിച്ചുവച്ച് 20തവണ കുത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഡിംപിളിന്റെ സീറ്റിനടുത്തു വന്നിരുന്ന ഹാരി 30ലേറെ തവണ സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചു. സംഭവം പൊലീസിനെ അറിയിച്ചതിനു പിന്നാലെ സഹപ്രവര്‍ത്തകര്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുന്‍പേ ഡിംപിള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മൂന്നുവര്‍ഷക്കാലം ഒന്നിച്ചു ജോലി ചെയ്ത ഡിംപിളും ഹാരിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബ്രേക്കപ് ആയെന്നുമാണ് പുറത്തുവരുന്ന വിവരം. ഡിംപിളുമായി അടുക്കാനായി ഹാരി വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല, ഇതിനെത്തുടര്‍ന്ന് ഹാരി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാട്യാല സ്വദേശികളാണ് ഹാരിയും ഡിംപിളും.