Image: X, @sirajnoorani

TAGS

ദക്ഷിണ മുംബൈയിൽ മുഹറം യാത്രക്കിടെ വിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്ത 39കാരന്‍ പിടിയിലായി. കൂട്ടക്കൊലക്ക് ശ്രമിച്ച പുണെ സ്വദേശി ഫയാസ് നിസാര്‍ ഹുസൈന്‍ പ്രേംജിയാണ് അറസ്റ്റിലായത്. വേദനസംഹാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിഷഗുളികകൾ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ബൈക്കുല്ലയില്‍ നടന്ന ഘോഷയാത്രക്കിടെയാണ് സംഭവം. പ്രതി 2019 മുതൽ പലതവണ ഇറാനും ഇറാഖും സന്ദർശിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് കലര്‍ത്തിയ ഗുളികയാണ് വിതരണം ചെയ്യാന്‍ ശ്രമിച്ചത്. ഈ മാസം 26നായിരുന്നു മുഹറം. ഘോഷയാത്രയിൽ പ്രാർത്ഥന നടത്തുന്നവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. ആളുകളെ വിശ്വാസത്തിലെടുക്കാനായി ബാച്ച് നമ്പറുകളും ഉത്പാദന കാലാവധി തിയതികളും ലൈസന്‍സ് വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ആയുര്‍വേദ സപ്ലിമെന്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇയാള്‍ ഗുളികകള്‍ പാക്ക് ചെയ്തിരുന്നത്. പര്‍പ്പിള്‍, വെള്ള നിറങ്ങളിലുള്ള ഈ ഗുളികകള്‍ ഹെല്‍ത്ത് സപ്ലിമെന്റ് എന്ന് രേഖപ്പെടുത്തിയ സാഷെകളിലാണ് കണ്ടെത്തിയത്. 

കഴിഞ്ഞ 15 ദിവസത്തിനിടെ ഫയാസ് സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ 14,900 കാപ്സ്യൂളുകൾ നിറച്ചതായി പോലീസ് പറയുന്നു. മുപ്പതിനായിരത്തോളം കാലിയായ കാപ്സ്യൂളുകളും 50 കിലോഗ്രാമോളം സിങ്ക് ഫോസ്ഫൈഡും ഇയാൾ ഓൺലൈനായി ഓർഡർ ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. തുടക്കത്തില്‍ ഘോഷയാത്രയില്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ ഇയാളുടെ വ്യക്തിഗത വിവരങ്ങളെല്ലാം കുറിച്ചെടുത്ത് പൊലീസ് ഇയാളെ പോകാനനുവദിക്കുകയായിരുന്നു. അതേസമയം തന്നെ ഇയാളുടെ കയ്യില്‍ നിന്നും ഗുളികകള്‍ വാങ്ങിയവര്‍ അവ നശിപ്പിച്ചു കളയുകയോ ഉദ്യോഗസ്ഥർക്ക് കൈമാറുകയോ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

അതേസമയം ഗുളിക വാങ്ങിയ പലരും കഴിച്ചതായും അസ്വസ്ഥത അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുളിക കഴിച്ച സൽമാൻ മുഹമ്മദ് ഇസ്ലാം സയ്യാദ് എന്ന 26കാരന്‍ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ േതടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോംഗ്രിയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രേംജിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

ദീര്‍ഘദൂരം നടന്നുകഴിഞ്ഞാല്‍ പലര്‍ക്കും വേദനസംഹാരി ആവശ്യമായി വരുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഘോഷയാത്ര സംഘത്തെ ലക്ഷ്യംവച്ചതെന്നും ഇയാള്‍ സമ്മതിച്ചു. അതേസമയം പല കുട്ടികളും യുവാക്കളും ഈ ഗുളിക കഴിച്ചതായും ചികിത്സ തേടിയതായും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

 

Poison Pills Distributed During Muharram Procession in South Mumbai:

Attempted mass poisoning during a Muharram procession in South Mumbai has led to the arrest of a 39-year-old Pune resident. The accused, Faiyaz Nissar Hussain Premji, allegedly distributed pills containing poison, disguised as painkillers, to unsuspecting participants.