വര്‍ക്കല സ്വദേശിയായ 27കാരി കഴിഞ്ഞ ദിവസമാണ് ആറ്റുകാലിലെ വാടകവീട്ടില്‍ ജീവനൊടുക്കിയത്. അത്രയും സ്്നേഹിച്ച് വിശ്വസിച്ച് വിവാഹം ചെയ്ത ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് അവള്‍ മരണം തിരഞ്ഞെടുത്തത്. ആരതിയുടെ ദേഹത്ത് 13 മുറിവുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്‍ക്വസ്റ്റ് നടപടിക്കിടെ തന്നെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതരായ ആരതിയും അതുലും തമ്മിലുള്ള ദാമ്പത്യത്തില്‍ സംഭവിച്ചതെല്ലാം ആരതി ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നതായും പൊലീസിനു തെളിവായി ലഭിച്ചു.
ശാരീരിക ആക്രമണവും മാനസിക പീഡനവും കാരണം മകളെ വീട്ടിൽ തിരിച്ചെത്തിക്കാൻ അതുലിനോട് മൂന്നു ദിവസങ്ങള്‍ക്കു മുന്‍പും ആവശ്യപ്പെട്ടിരുന്നതായി ആരതിയുടെ പിതാവ് പറയുന്നു. പരമാവധി സ്‌ത്രീധനം നൽകിയിട്ടും കഴിഞ്ഞയാഴ്ചയും വീട്ടില്‍ വന്ന് അതുല്‍ കൂടുതൽ സാമ്പത്തികം ആവശ്യപ്പെട്ടു. മകൾക്ക് പകരമാവില്ലെങ്കിലും നിയമ നടപടിയുമായി നീങ്ങാനാണ് തീരുമാനമെന്നും ആരതിയുടെ അച്ഛൻ ബൈജു മനോരമ ന്യൂസിനോട് പറഞ്ഞു.
നുണ പറഞ്ഞാണ് അതുല്‍ വിവാഹം നടത്തിയതെന്ന് ബന്ധു പറയുന്നു. ബാങ്ക് മാനേജരാണെന്ന് പറഞ്ഞാണ് വിവാഹം ആലോചിച്ചത്. വണ്ടിയുടെ പരിപാടികളെന്തോ ആണ് നിലവില്‍ ചെയ്യുന്നത്. കല്യാണം ഉറപ്പിച്ച ശേഷം മുന്‍പൊരു കുട്ടിയെ വേണ്ടെന്ന് വച്ചതോടെ ആ പെണ്‍കുട്ടി ജീവനൊടുക്കി. അപ്പോഴും മറ്റൊരു പെണ്ണുമായി അടുപ്പത്തിലായിരുന്നു. ഇതിനു ശേഷമാണ് ആരതിയെ വിവാഹം ആലോചിക്കുന്നത്. ആരതിക്ക് നല്‍കിയ 50 പവനും അതുല്‍ പണയപ്പെടുത്തിയും വിറ്റും നശിപ്പിച്ചു.
പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ ഫോട്ടോ എടുക്കലും വിഡിയോ എടുക്കലുമായിരുന്നു. അന്നുതന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വലിയച്ഛന്‍ പറഞ്ഞു. തനിക്കേല്‍ക്കേണ്ടിവന്ന പീഡനങ്ങളെല്ലാം ആരതി സഹിക്കുകയായിരുന്നു. മര്‍ദനത്തിന്റെ പാടുകളെല്ലാം അമ്മയ്ക്ക് അയച്ചു കൊടുത്തു. ‘നീയിങ്ങ് ഇറങ്ങിവാ മോളേ’ എന്ന് പലതവണ താന്‍ പറഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. എന്നാല്‍ താന്‍ അതുലിനെ അത്രയും സ്നേഹിച്ചുപോയി എന്നായിരുന്നു ആരതിയുടെ മറുപടിയെന്ന് അമ്മ ജിനു പറയുന്നു.
അതുല്‍ കടുത്ത മദ്യപാനിയാണെന്നതും ആരതിയെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. താന്‍ മദ്യം കഴിക്കാറില്ലെന്നായിരുന്നു അതുലിന്റെ മറുപടി. ഒരു തവണ സ്വന്തം വീട്ടില്‍ വന്ന് ആരതി താമസിച്ചെങ്കിലും പല കാര്യങ്ങള്‍ പറഞ്ഞ് അതുല്‍ വിളിച്ചുകൊണ്ടുപോയി. മരിച്ചുപോയ മുന്‍ കാമുകിയെ വിവാഹം ചെയ്തിരുന്നെങ്കില്‍ തനിക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞ് അതുല്‍ ആരതിയെ താരതമ്യപ്പെടുത്തുന്നതും പതിവായിരുന്നു. മാതാപിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരായതിനാല്‍ തന്നെ ഈ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് തോന്നിയതോടെയാണ് ആരതി മരണം തിരഞ്ഞെടുത്തതെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു.
എപ്പോഴും വീട് അടച്ചിട്ടിരിക്കുമെന്നും ആരേയും പുറത്തേക്ക് കാണാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം തന്നെ പലപ്പോഴും ബഹളങ്ങളും കരച്ചിലുകളും കേള്‍ക്കാറുണ്ടായിരുന്നു. മരിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് മുറിയില്‍ കയറിയ ആരതിയെ രക്ഷിക്കാന്‍ അതുല്‍ ശ്രമിച്ചിട്ടില്ലെന്നും മരണപ്പെട്ടു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അതുല്‍ സുഹൃത്തിനേയും ഭാര്യയേയും വിളിച്ചുവരുത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. നിലവില്‍ അതുലിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനനിരോധനനിയമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുലിനെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.