Image credit:X

  • രാജസ്ഥാന്‍ സ്വദേശി അങ്കിത് ശര്‍മയാണ് മരിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അങ്കിതിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്

ഐഐടി ഖരഗ്പുരിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. രാജസ്ഥാന്‍ സ്വദേശി അങ്കിത് ശര്‍മയാണ് മരിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അങ്കിതിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ക്യാംപസിലെ നളന്ദ ബില്‍ഡിങിന്‍റെ നാലാം നിലയില്‍ നിന്ന് അങ്കിത് താഴേക്ക് വീഴുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ സുരക്ഷാ ജീവനക്കാരാണ് അങ്കിതിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബി.സി.റോയ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അങ്കിത് വീണതാണോ അതോ ചാടിയതാണോ എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവസ്ഥലം എഎസ്പി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം അങ്കിതിന് ഇവിടെ വച്ച് ക്ലാസുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഐഐടി അധികൃതര്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിലാണ് അങ്കിത് ഐഐടിയില്‍ പഠനത്തിനെത്തിയത്. 

കഴിഞ്ഞ മാസം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്മെന്‍റിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ദീപക് റെഡ്ഡിയെയും ക്യാംപസിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഏപ്രിലില്‍ ക്യാംപസിലെ അടല്‍ ബിഹാരി വാജ്പേയ് കെട്ടിടത്തിന്‍റെ എട്ടാം നിലയില്‍ നിന്ന് ചാടി ജയ്​വീര്‍ സിങെന്ന വിദ്യാര്‍ഥിയും ജീവനൊടുക്കിയിരുന്നു. 2025 ല്‍ ഇതേ ക്യാംപസിലെ തന്നെ ഏഴു വിദ്യാര്‍ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Ankit Sharma, a second-year mechanical engineering student at IIT Kharagpur and a native of Rajasthan, tragically died after falling from the fourth floor of the Nalanda building on campus. Security guards discovered him critically injured in a pool of blood at around 3 PM, and he was pronounced dead upon arrival at BC Roy Hospital, prompting an official police investigation while the circumstances surrounding the fall remain mysterious. This incident adds to a troubling pattern of fatalities at the institution, following the tragic deaths of electrical engineering assistant professor Deepak Reddy last month, student Jaiveer Singh in April, and seven other students under mysterious circumstances in 2025.