Image credit: x/hateDetectors

  • വീട്ടിലേക്ക് മടങ്ങുംവഴി അക്ഷിതയെ നവീന്‍ തടഞ്ഞ് നിര്‍ത്തി, തന്‍റെ കാറില്‍ കയറ്റി. ഭീഷണിപ്പെടുത്തി അക്ഷിതയില്‍ നിന്നും രവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതില്‍ മനം നൊന്ത് താന്‍ ജീവനൊടുക്കുകയാണെന്നും എഴുതി വാങ്ങി

തെലങ്കാനയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പൊലീസ്. തന്‍ദ്ര അക്ഷിതറാണി (21) ആണ് സെപ്റ്റംബര്‍ 12ന് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ കാമുകന്‍ നവീന്‍ കുമാര്‍, കാമുകന്‍ രവി കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Image credit: X

ഡിപ്ലോമ പഠിക്കുന്നതിനിടെയാണ് അക്ഷിതറാണി പോളി ടെക്നികിലെ ലക്ചററായ നവീനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഉപരിപഠനത്തിനായി അക്ഷിത ഹൈദരാബാദിലേക്ക് മാറിയതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു. മൈനിങ് എന്‍ജിനീയറിങ് പഠിക്കാന്‍ ചേര്‍ന്ന അക്ഷിത സിംഗാരേനി മൈനില്‍ അപ്രന്‍റീസ്ഷിപ് ചെയ്യുന്നതിനിടെ രവിയുമായി സൗഹൃദത്തിലും പ്രണയത്തിലുമായി. താനുമായി അകന്ന് അക്ഷിത രവിയോട് അടുത്തതില്‍ നവീന്‍ കുപിതനായി. ഇരുവരോടും പകരം ചെയ്യുമെന്ന് പറഞ്ഞതായി പൊലീസ് പറയുന്നു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: സെപ്റ്റംബര്‍ 12ന് വീട്ടിലേക്ക് മടങ്ങുംവഴി അക്ഷിതയെ നവീന്‍ തടഞ്ഞ് നിര്‍ത്തി, തന്‍റെ കാറില്‍ കയറ്റി. ഭീഷണിപ്പെടുത്തി അക്ഷിതയില്‍ നിന്നും രവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതില്‍ മനം നൊന്ത് താന്‍ ജീവനൊടുക്കുകയാണെന്നും എഴുതി വാങ്ങി. തുടര്‍ന്ന് കീടനാശിനി നിര്‍ബന്ധിച്ച് കുടിപ്പിച്ചു. അക്ഷിതയുടെ നില വഷളായിട്ടും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. അക്ഷിതയുടെ ഫോണില്‍ നിന്ന് അച്ഛനെ വിളിച്ച് താന്‍ ജീവനൊടുക്കുകയാണെന്ന് വരുത്തിത്തീര്‍ത്തുവെന്നും പൊലീസ് പറയുന്നു. മരണാസന്നയായെന്ന് കണ്ടതും അക്ഷിതയെ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെ പിറ്റേന്ന് അക്ഷിത മരിച്ചു. കത്ത് ബാഗില്‍ നിന്ന് ലഭിച്ചതിനാല്‍ ആത്മഹത്യയാണെന്ന് പൊലീസും കരുതി. 

സിസിടിവി ദൃശ്യങ്ങളും ഫോണും കോള്‍ റെക്കോര്‍ഡും പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഇതോടെ നവീനെ പൊലീസ് പ്രതിയാക്കി കേസെടുത്തു. രവിയെയും അറസ്റ്റ് ചെയ്തു. നവീനും രവിയും വിവാഹിതരാണ്. കാറും മൊബൈല്‍ ഫോണുകളും അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തു. അക്ഷിതയുടെ ഫോണില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരമാണ് രവിയുടെയും അറസ്റ്റ്.

ENGLISH SUMMARY:

Telangana police solved the death of 21-year-old engineering student Tandra Akshitarani, revealing it was a murder staged as suicide. Her former lover, Naveen Kumar, abducted her, forced her to write a fake suicide note, and made her drink pesticide. CCTV and phone records led to his arrest alongside her partner Ravi.