ജീവിതം മടുത്തുവെന്നും സംസ്കരിക്കാനുള്ള പണം സൂക്ഷിച്ച് വച്ചിട്ടുണ്ട്, അത് മതിയാകുമെന്നും കുറിപ്പെഴുതി വച്ച് സഹോദരിമാര്‍ ജീവനൊടുക്കി. തെക്കന്‍ ഗോവയിലെ കന്‍കൊന ജില്ലയിലാണ് 70കാരികളായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇത് കൂട്ടി ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
15,000 രൂപ സ്വരുക്കൂട്ടി വച്ചിട്ടുണ്ടെന്നും സംസ്കാര ചടങ്ങുകള്‍ക്ക് ഇത് മതിയാകുമെന്നും എഴുതിവച്ചിട്ടുണ്ട്. ഇതാണ് ഇവര്‍ ജീവനൊടുക്കിയതാകാം എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
എട്ട് ദിവസം മുന്‍പ് വീട്ടിലേക്ക് പാചകവാതക കണക്ഷനുള്ള അപേക്ഷയുമായി പഞ്ചായത്ത് മെംബര്‍ എത്തിയിരുന്നു. കണക്ഷന്‍ ലഭിക്കാന്‍ മാസങ്ങള്‍ കഴിയുമെന്നും മെംബര്‍ ഇവരെ അറിയിച്ചതായാണ് വിവരം. എന്നാല്‍ കൂട്ടത്തിലൊരു വയോധിക ‘ജീവിതം മടുത്തെന്നും, കണക്ഷന്‍ കിട്ടും വരെ ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്നും’ പറഞ്ഞതായി മെംബര്‍ പൊലീസിന് മൊഴി നല്‍കി.
ഞായറാഴ്ച രാത്രി പത്തോടെ ഇവരുടെ വീടിന്‍റെ പരിസരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ അവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.